‘ആരാണ് മുസ്ലിമെന്ന് തീരുമാനിക്കേണ്ടത് അല്ലാഹു’ ബിജെപി നേതാവിനെ പള്ളിയില്‍ കയറ്റാത്തതില്‍ ലീഗ് നേതാവിന് ഹൈക്കോടതി വിമര്‍ശനം

ബിജെപിയിലോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയിലോ അംഗമാണെന്ന കാരണത്താല്‍ ഒരു മുസ്ലീമിനെ പള്ളിയില്‍ നിസ്കരിക്കുന്നതില്‍ നിന്ന് മറ്റു വിശ്വാസികള്‍ക്ക് തടയാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി.പള്ളിയില്‍ പ്രവേശിക്കുന്നതിന് മുൻപ് മുസ്ലീങ്ങള്‍ തങ്ങളുടെ രാഷ്ട്രീയവും മറ്റ് ബന്ധങ്ങളുമെല്ലാം പടിവാതില്‍ക്കല്‍ ഉപേക്ഷിക്കണമെന്ന് ജസ്റ്റിസ് വി ലക്ഷ്മിനാരായണൻ നിരീക്ഷിച്ചു.ഇസ്ലാം മതവിശ്വാസ പ്രകാരം ആരാണ് യഥാർത്ഥ മുസ്ലീമെന്നും ആരല്ലെന്നും തീരുമാനിക്കേണ്ടത് സർവ്വശക്തനായ അല്ലാഹുവാണ്, അല്ലാതെ സാധാരണ മനുഷ്യരല്ലെന്ന് കോടതി പറഞ്ഞു. പള്ളിക്കുള്ളില്‍ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്‍കുന്ന ഇമാമിന് മാത്രമാണ് മുൻനിരയില്‍ സ്ഥാനമുള്ളത്. സാമൂഹികമോ സാമ്പത്തികമോ ആയ വ്യത്യാസങ്ങളില്ലാതെ എല്ലാവരും തോളോട് തോള്‍ ചേർന്നാണ് നിസ്കരിക്കുന്നത്. അത്തരമൊരു ആരാധനാലയത്തില്‍ രാഷ്ട്രീയ ബന്ധങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.സേലം നഗരത്തിലെ ഒരു പള്ളിയില്‍ നിസ്കരിക്കുന്നതില്‍ നിന്ന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ഭാരവാഹിയായ സയ്യിദ് മൂസ തന്നെ തടഞ്ഞുവെന്ന് ആരോപിച്ച്‌ ബിജെപി ന്യൂനപക്ഷ മോർച്ച ഭാരവാഹിയും തിരുവള്ളൂർ സ്വദേശിയുമായ എം സയ്യിദ് ഇബ്രാഹിം (വെല്ലൂർ ഇബ്രാഹിം) നല്‍കിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.ഹർജിക്കാരൻ ബിജെപിക്കാരനാണോ, കോണ്‍ഗ്രസുകാരനാണോ, കമ്മ്യൂണിസ്റ്റുകാരനാണോ എന്നത് തന്നെ ബാധിക്കുന്ന വിഷയമല്ലെന്ന് വ്യക്തമാക്കിയ ജഡ്ജി, അല്ലാഹുവിന്റേത് മാത്രമായ പള്ളിയില്‍ പ്രാർത്ഥിക്കുന്നതില്‍ നിന്ന് ഒരു മുസ്ലീമിന് എങ്ങനെ മറ്റൊരു മുസ്ലീമിനെ തടയാൻ കഴിയുമെന്നതാണ് തന്റെ ആശങ്കയെന്ന് പറഞ്ഞു.

“പള്ളി നിർമിക്കാൻ സംഭാവന നല്‍കി എന്നതുകൊണ്ട് മാത്രം അത് തന്റേതാണെന്ന് ഒരാള്‍ക്കും അവകാശപ്പെടാനാവില്ല. പള്ളികള്‍ സർവശക്തന് സമർപ്പിക്കപ്പെട്ടവയാണ്, അതിന്റെ ഉടമസ്ഥൻ അല്ലാഹുവാണ്. മനുഷ്യർ വെറും നടത്തിപ്പുകാർ മാത്രമാണ്. ഹർജിക്കാരൻ ഒരു മുസ്ലീമാണെന്ന് സർവശക്തൻ തീരുമാനിച്ചിട്ടുണ്ടെങ്കില്‍, മറിച്ചൊരു തീരുമാനമെടുക്കാൻ മനുഷ്യർക്ക് അധികാരമില്ല,” കോടതി വ്യക്തമാക്കി.ഒരാള്‍ ഇസ്ലാമിക തത്വങ്ങള്‍ ലംഘിച്ചാല്‍ അന്ത്യവിധി നാളില്‍ (ഖിയാമത്ത് നാള്‍) സർവശക്തൻ ഉചിതമായ നടപടിയെടുക്കുമെന്നും, ശിക്ഷ വിധിക്കാൻ മറ്റ് മനുഷ്യർക്ക് അധികാരമില്ലെന്നും ഹദീസുകള്‍ വ്യക്തമാക്കുന്നുണ്ട്. ഒരു മുസ്ലീമിനെ പ്രാർത്ഥിക്കുന്നതില്‍ നിന്ന് തടയുന്നത് തന്നെ പാപമാണെന്നും ജഡ്ജി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *