ന്യൂഡല്‍ഹി: ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇര്ഫാന് സിറാജിന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി. ആനാരോഗ്യം കണക്കിലെടുത്ത് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ഹൃദയസംബന്ധമായ അസുഖവും 17 വര്‍ഷത്തിലേറെയായി അനുഭവിക്കുന്ന ജയില്‍വാസവും പരിഗണിച്ചാണ് കോടതിയുടെ നടപടി.
ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. പ്രതിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച കാര്യങ്ങള്‍ ഗുജറാത്ത് സര്‍ക്കാര്‍ എതിര്‍ത്തില്ലെന്നത് കൂടി പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ശിക്ഷയ്ക്കെതിരെ ഇയാള്‍ നല്കിയ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് നടപടി.’പ്രാഥമികമായി ചികിത്സാപരമായ കാരണങ്ങളാലാണ് ഈ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ബോധിപ്പിച്ചത് വസ്തുതാപരമായി ശരിയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന് സമ്മതിക്കുന്നു. ഈ സാഹചര്യത്തില്‍, ചികിത്സാപരമായ കാരണങ്ങളാല്‍ ഹര്‍ജിക്കാരന്റെ ശിക്ഷാവിധി മരവിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുന്നു’ കോടതി വ്യക്തമാക്കി.2002 ഫെബ്രുവരി 27-നായിരുന്നു ഗോധ്ര ട്രെയിന്‍ തീവെപ്പ് സംഭവം നടന്നത്. അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ചിരുന്ന സബര്‍മതി എക്സ്പ്രസിന്റെ എസ്-6 കോച്ചിന് തീപിടിച്ച് 58 പേര് കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് ഗുജറാത്തിലുടനീളം വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ കുറ്റവാളികളായ രണ്ടുപേരുടെ ശിക്ഷാവിധി സുപ്രീം കോടതി അടുത്തിടെ മരവിപ്പിച്ചിരുന്നു.
