ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ മണ്ണന്തല രഞ്ജിത്ത് വധക്കേസ്; 11 പ്രതികളും കുറ്റക്കാരെന്ന് കോടതി

മണ്ണന്തല സ്വദേശിയും ആര്‍എസ്‌എസ് പ്രവര്‍ത്തകനുമായ രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളും കുറ്റക്കാരെന്ന് കോടതി.തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. വിചാരണ നേരിട്ട 11 പ്രതികളും കുറ്റക്കാരെന്നാണ് കോടതിയുടെ കണ്ടെത്തല്‍. സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയാണ് കേസിലെ പ്രതികള്‍.ആര്‍എസ്‌എസ് പ്രവര്‍ത്തകനായ രഞ്ജിത്തിനെ 2008 ഒക്ടോബര്‍ 17നാണ് കൊലപ്പെടുത്തിയത്. നാലാഞ്ചിറ കോട്ടമുകളിലിലെ പച്ചക്കറി കടയില്‍ വച്ചായിരുന്നു കൊലപാതകം. സംഭവത്തിന് പിന്നാലെ രണ്ടാം പ്രതി വെള്ളി നാരായണന്‍ എന്ന നാരാണന്‍കുട്ടി ഒളിവില്‍ പോയിരുന്നു. 18 വര്‍ഷമായിട്ടും ഇയാളെ പിടികൂടാനായിട്ടില്ല.ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന വഞ്ചിയൂര്‍ വിഷ്ണുവിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. കൃഷ്ണ കുമാര്‍, ഹരിപ്രസാദ്, അജിത് കുമാര്‍, രഞ്ജിത് കുമാര്‍, ആറ്റിപ്ര സുരേഷ്, ഫിറോസ് ഖാന്‍, വിഷ്ണു, ശങ്കര്‍ സുബ്രഹ്മണ്യം, ഗോഡ്വിന്‍ ഡെന്നീസ്, കുഞ്ചാലുംമൂട് സുരേഷ്, വഞ്ചിയൂര്‍ സുരേഷ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.വിഷ്ണുവിന്റെ ഉറ്റസുഹൃത്തായ കൃഷ്ണ കുമാറാണ് രഞ്ജിത്ത് വധക്കേസിലെ ഒന്നാംപ്രതി. വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയായിരുന്നു രഞ്ജിത്ത്. കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ പ്രതികളുടെ ജാമ്യം റദ്ദാക്കി. പ്രതികളെ ഉടൻ ജയിലിലേക്ക് മാറ്റും. അതേസമയം, പ്രതികളെ പുറത്തിറക്കുന്നതിനിടെ കോടതി വളപ്പില്‍ സിപിഎം-ബിജെപി പ്രവർത്തകർ തമ്മില്‍ സംഘർഷമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *