യുജിസി നെറ്റ് ഉത്തരസൂചികയിൽ പിഴവെന്ന് പരാതി; നാല് ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഡൽഹി ഹൈക്കോടതി

ഡൽഹി: യുജിസി നെറ്റ് പരീക്ഷയുടെ ഉത്തരസൂചികയിൽ പിഴവുണ്ടെന്ന പരാതിയിൽ നാല് ചോദ്യങ്ങളുടെ ഉത്തരങ്ങൾ പുനഃപരിശോധിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്കുള്ളിൽ വിദഗ്ധ സമിതി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ഉത്തരസൂചികയിലെ പിഴവുകൾ ഉദ്യോഗാർഥികളുടെ റാങ്കിനെയും യോഗ്യതയെയും ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ജൂൺ 22 മുതൽ 30 വരെ നടന്ന യുജിസി നെറ്റ് പരീക്ഷയുടെ ഉത്തരസൂചികയിലാണ് പിഴവുകൾ ആരോപിക്കപ്പെട്ടത്. ഏകദേശം 7,27,506 പേരാണ് പരീക്ഷ എഴുതിയത്. ഓഗസ്റ്റിലായിരുന്നു ഫലം പ്രസിദ്ധീകരിച്ചത്. (Delhi High Court UGC NET order)ജസ്റ്റിസ് ജസ്മീത് സിങ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരസൂചിക പുനഃപരിശോധിക്കാൻ നിർദേശിച്ചത്. ഉത്തരസൂചികയെ അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർഥികളുടെ മാർക്ക് നിശ്ചയിക്കുന്നതെന്നതിനാൽ ഇതിലെ പിഴവുകൾ മെറിറ്റിനെ ബാധിക്കുമെന്ന് കോടതി വ്യക്തമാക്കി. ഒരു മാർക്കിന്റെ വ്യത്യാസം പോലും ഉദ്യോഗാർഥികളുടെ റാങ്കിലും യോഗ്യതയിലും വലിയ മാറ്റമുണ്ടാക്കാമെന്നും അതിനാൽ പരിശോധന വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. ഉത്തരസൂചികയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച അഞ്ച് ഹർജികളാണ് കോടതി പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *