ന്യൂഡൽഹി : രാജ്യത്തെ നദികളിൽനിന്നുള്ള മണലെടുപ്പ് പൂർണമായി അവസാനിപ്പിച്ച് നിർമാണാവശ്യങ്ങൾക്കായി അണക്കെട്ടുകളിൽ അടിഞ്ഞുകൂടുന്ന മണൽ ഉപയോഗിക്കണമെന്ന് സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ശുപാർശ. പുഴമണലിന് പകരം ഡാമുകളിലെ മണൽ, ബിഐഎസ് നിലവാരമുള്ള എം-സാൻഡ്, പുനരുപയോഗിക്കാവുന്ന കെട്ടിടനിർമാണ അവശിഷ്ടങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനുള്ള വിശദമായ രൂപരേഖയും സമിതി കോടതിയിൽ സമർപ്പിച്ചു. ചന്ദ്രപ്രകാശ് ഗോയൽ അധ്യക്ഷനായ സമിതിയുടെ നിർദേശപ്രകാരം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നദികളിൽനിന്നുള്ള മണലെടുപ്പ് ഘട്ടംഘട്ടമായി അവസാനിപ്പിക്കണം. ഇതിന് പകരമായി അണക്കെട്ടുകളിൽ അടിഞ്ഞുകൂടിയ മണൽ പത്തുവർഷത്തെ പദ്ധതിയായി നീക്കം ചെയ്യാനാണ് ശുപാർശ.
നിർമാണമേഖലയ്ക്ക് ആവശ്യമായ മണൽ ലഭ്യമാക്കുന്നതിനൊപ്പം അണക്കെട്ടുകളിലെ സംഭരണശേഷി വീണ്ടെടുക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. 15 വർഷത്തിലേറെ പഴക്കമുള്ള അണക്കെട്ടുകൾ പരിശോധിച്ച് മണൽ നീക്കം ചെയ്യാൻ അനുയോജ്യമായവ കണ്ടെത്തണം. തുടർന്ന് ഓരോ വർഷവും ഘട്ടംഘട്ടമായി മണൽ നീക്കം ചെയ്യണം. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇതിനായുള്ള കരാറുകൾ നൽകിത്തുടങ്ങണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. ശേഖരിക്കുന്ന മണൽ സുതാര്യമായ നടപടിക്രമങ്ങളിലൂടെ വിൽക്കണം. ഭക്രാ ബിയാസ് മാനേജ്മെന്റ് ബോർഡ് ഭക്രാ അണക്കെട്ടിൽ നടപ്പാക്കുന്ന മണലെടുപ്പ് പദ്ധതിയെ മാതൃകയാക്കാമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
