ന്യൂഡല്‍ഹി: വ്യാജ കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ടെലികോം മന്ത്രാലയം ഉദ്യോഗസ്ഥര്‍ വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. ക്രിമിനല്‍ അന്വേഷണത്തിന്റെ ഭാഗമായി പോലിസ് സംഘം മന്ത്രാലയത്തിന്റെ രേഖകളും തേടിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.129 വാതുവെപ്പ് വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം മന്ത്രാലയത്തിന് കീഴിലുള്ള ഒരു വിഭാഗം ഈ വര്‍ഷം ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, രണ്ട് സംസ്ഥാന ഹൈക്കോടതികളുടെ പേരിലുള്ള വ്യാജ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്ന് ബുധനാഴ്ച റോയിട്ടേഴ്സ് വെളിപ്പെടുത്തിയിരുന്നു. അഭിഭാഷകര്‍ എന്ന വ്യാജേന തട്ടിപ്പുകാരാണ് ഈ ഉത്തരവുകള്‍ ഉദ്യോഗസ്ഥര്‍ക്ക് ഇമെയില്‍ വഴി അയച്ചുനല്‍കിയത്.
ഇന്ത്യയുടെ ഉള്ളടക്കം നീക്കം ചെയ്യല്‍ സംവിധാനത്തിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഈ കണ്ടെത്തല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. വ്യാജ കോടതി രേഖകള്‍ ഉപയോഗിച്ച് നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റുകളും ഭാവിയില്‍ ബ്ലോക്ക് ചെയ്യപ്പെട്ടേക്കാമെന്ന ആശങ്കയും ഇത് ഉയര്‍ത്തുന്നു. വെബ്സൈറ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള കോടതി ഉത്തരവുകളില്‍ നടപടിയെടുക്കുന്നതിന് മുമ്പ് അധിക പരിശോധനകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും നടപടിക്രമങ്ങള്‍ അവലോകനം ചെയ്യുമെന്നും വിഷയവുമായി നേരിട്ട് ബന്ധമുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
‘ഇത് ഗൗരവകരമാണ്… ഭാവിയില്‍ ചില യഥാര്‍ത്ഥ വെബ്സൈറ്റുകളും ഇതേ രീതിയില്‍ ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം,’-ഉദ്യോഗസ്ഥന്‍ പറഞ്ഞു.രാജസ്ഥാന്‍, അലഹബാദ് ഹൈക്കോടതികളുടെ പേരില്‍ വ്യാജ ഉത്തരവുകള്‍ അയക്കാന്‍ ഉപയോഗിച്ച ഇമെയില്‍ വിലാസങ്ങള്‍ക്ക് പിന്നിലുള്ളവരെ കണ്ടെത്താന്‍ മന്ത്രാലയം ശ്രമിക്കുകയാണെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വ്യാജ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ബ്ലോക്കിംഗ് നിര്‍ദ്ദേശങ്ങള്‍ റദ്ദാക്കാനും ബന്ധപ്പെട്ട രേഖകള്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്യാനും മന്ത്രാലയം പദ്ധതിയിടുന്നതായും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
