പീഡന കേസില്‍ പ്രതി ചേർക്കപ്പെട്ട ഡോ. ജോണ്‍സണ്‍ കെ. വർഗീസ് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. പരാതിക്കാരിയുടെ കുടുംബ ഡോക്ടറാണ് താനെന്നും, ദീർഘകാലമായി ഇവർ തന്റെ ചികിത്സയിലായിരുന്നെന്നും ഹർജിയില്‍ പറയുന്നു.തനിക്കെതിരെ ഉയർന്ന ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരിയുമായി നല്ല സൗഹൃദം മാത്രമാണുണ്ടായിരുന്നതെന്നും അദ്ദേഹം മുൻകൂർ ജാമ്യഹർജിയില്‍ അവകാശപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ ബന്ധുവായ പ്രമുഖ നടിക്കെതിരെയും ഡോക്ടർ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.പരാതിക്കാരിയുടെ ബന്ധുവായ നടി തന്നില്‍ നിന്ന് പണം തട്ടാൻ ശ്രമിച്ചതായി ഡോക്ടർ ആരോപിക്കുന്നു. ഫ്ലാറ്റില്‍ വെച്ച് തന്നെ കെട്ടിയിടുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തുവെന്ന് ഹർജിയില്‍ പറയുന്നു. 3 കോടി രൂപ നല്‍കാനാണ് അവർ ആവശ്യപ്പെട്ടത്. നടി തന്നോട് പണം ആവശ്യപ്പെടുന്ന വാട്ട്‌സ്‌ആപ്പ് ചാറ്റുകള്‍ കൈവശമുണ്ടെന്നും, മർദ്ദനത്തിനെതിരെ താൻ പോലീസില്‍ പരാതി നല്‍കിയതിന്റെ വിരോധമാണ് ഈ ബലാത്സംഗ കേസിന് പിന്നിലെന്നും ഡോക്ടർ വ്യക്തമാക്കി.അതേസമയം, കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഡോ. ജോണ്‍സണ്‍ കെ. വർഗീസ് ഒളിവിലാണ്. ഇയാള്‍ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്ന പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
‘ആരോപണം കെട്ടിച്ചമച്ചത്, പരാതിക്കാരിയുമായി നല്ല സൗഹൃദം, ബന്ധുവായ നടി പണം തട്ടാൻ ശ്രമിച്ചു’: മുൻകൂര്‍ ജാമ്യഹര്‍ജി നല്‍കി ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ്
