വടകര: ഡിസിസി സെക്രട്ടറിയും കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡന്റുമായിരുന്ന പഴങ്കാവിലെ സുധീർ കുമാറിന്റെ വീട്ടുകോലായിൽ വയോധികൻ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്ന് വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി. തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജിയുടെ ആത്മഹത്യക്ക് കാരണക്കാരായ കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി ഭാരവാഹികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഫൗസിയ ഹർജി നൽകിയിരുന്നു.ഹർജി ഫയലിൽ സ്വീകരിച്ച കോടതി വടകര പൊലീസിന് കേസെടുക്കുന്നതിന് നിർദേശം നൽകി. ഇബ്രാഹിം ഹാജിയുടെ ഭാര്യ ഫൗസിയ നേരത്തെ ഇത് സംബന്ധിച്ച പരാതി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയെങ്കിലും പ്രതികൾക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും നേതാക്കളായ മുൻ ഡിസിസി സെക്രട്ടറി സുധീർകുമാർ, സൊസൈറ്റി പ്രസിഡന്റ് ബഷീർ അഹമ്മദ്, ഡയറക്ടർമാരായ അബ്ദുൽ മജീദ്, റിനീഷ്, സെക്രട്ടറി പ്രീന എന്നിവർക്കെതിരെയാണ് ഫൗസിയ കോടതിയെ സമീപിച്ചത്.പ്രതികൾ പരേതനോട് 22 ലക്ഷം രൂപ സൊസൈറ്റിയിലേക്ക് നിക്ഷേപമായി സ്വീകരിക്കുകയും തിരിച്ചുതരാൻ ആവശ്യപ്പെട്ടപ്പോൾ കൊടുക്കാതിരിക്കുകയുംചെയ്തു. തന്റെ സമ്പാദ്യം മുഴുവൻ നഷ്ടമായതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാൽ രാഷ്ട്രീയ സ്വാധീനത്തെ തുടർന്ന് പൊലീസ് കേസ് എടുക്കാതിരിക്കുകയുമായിരുന്നു. അഡ്വ. വി പി രാഹുലൻ മുഖേനയാണ് ഫൗസിയ കോടതിയെ സമീപിച്ചത്
കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി; ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്ന് കോടതി
