പിസിപിഎൻഡിടി നിയമം നടപ്പാക്കൽ: 20 വർഷം പഴക്കമുള്ള ഹർജി തീർപ്പാക്കി സുപ്രീംകോടതി; പുതിയ ഹർജി നൽകാം

ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയവും ലിംഗാധിഷ്ഠിത ഗർഭച്ഛിദ്രവും തടയുന്നതിനുള്ള പിസിപിഎൻഡിടി നിയമം (PC&PNDT Act) ഫലപ്രദമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2006ൽ സമർപ്പിച്ച ഹർജി സുപ്രീംകോടതി തീർപ്പാക്കി. നിയമത്തിൽ കാലയളവിനിടെ നിരവധി ഭേദഗതികൾ വന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം, വിഷയത്തിൽ പുതിയ ഹർജി സമർപ്പിക്കാൻ ഹർജിക്കാർക്കും മറ്റ് കക്ഷികൾക്കും കോടതി അനുമതി നൽകി.

വോളണ്ടറി ഹെൽത്ത് അസോസിയേഷൻ ഓഫ് പഞ്ചാബ് സമർപ്പിച്ച ഹർജിയിൽ 1994ലെ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി വിപുലമായ നിർദേശങ്ങളാണ് മുന്നോട്ടുവെച്ചിരുന്നത്. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ആർ. മഹാദേവൻ, ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ച് തീർപ്പാക്കിയത്.

നിയമപ്രകാരമുള്ള ഉചിത അധികാരികളെയും ഉപദേശക സമിതികളെയും പുനഃസംഘടിപ്പിക്കുക, സ്വകാര്യ ഡോക്ടർമാർക്ക് പകരം നിയമം നടപ്പാക്കുന്നതിൽ പ്രതിബദ്ധതയുള്ള സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തുക, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ പ്രത്യേക ബജറ്റ് അനുവദിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങൾ.

അതത് പ്രദേശങ്ങളിലെ ശിശു ലിംഗാനുപാതം കുറയുന്നതിന് ബന്ധപ്പെട്ട അധികാരികളെ ഉത്തരവാദികളാക്കണമെന്നും ചുമതലകളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടി ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പരിശോധനാ രേഖകൾ പ്രതിമാസം അധികാരികൾക്ക് കൈമാറുന്നതിനൊപ്പം അംഗീകൃത സന്നദ്ധ സംഘടനകൾക്ക് അവ പരിശോധിക്കാനുള്ള അവസരവും നൽകണമെന്ന നിർദേശവും മുന്നോട്ടുവെച്ചു.

അൾട്രാസൗണ്ട് ഉൾപ്പെടെയുള്ള പരിശോധനാ യന്ത്രങ്ങളുടെ ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തുക, യോഗ്യതയുള്ള ഒരു ഓപ്പറേറ്റർക്ക് ഒരു യന്ത്രം മാത്രമായി ഉപയോഗം പരിമിതപ്പെടുത്തുക, ഓപ്പറേറ്ററുടെ അഭാവത്തിൽ യന്ത്രം സീൽ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഹർജിയിലുണ്ടായിരുന്നു. പിടിച്ചെടുക്കുന്ന യന്ത്രങ്ങൾ തിരികെ നൽകുന്നതും റദ്ദാക്കിയ രജിസ്ട്രേഷനുകൾ പുനഃസ്ഥാപിക്കുന്നതും തടയണമെന്നും യന്ത്രങ്ങളുടെ വിൽപ്പന വിവരങ്ങൾ നിർമാതാക്കളും വിതരണക്കാരും പ്രതിമാസം കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇതിനുപുറമെ, ജില്ലാതലത്തിൽ ജനനസമയത്തെ ശിശു ലിംഗാനുപാതം പ്രതിമാസം നിരീക്ഷിക്കുക, എല്ലാ സംസ്ഥാനങ്ങളിലും ജനന രജിസ്ട്രേഷൻ നിർബന്ധമാക്കുക, ജനന-മരണ രജിസ്റ്ററുകൾ കൃത്യമായി ഓഡിറ്റ് ചെയ്യുക തുടങ്ങിയ നിർദേശങ്ങളും ഹർജിക്കാർ ഉന്നയിച്ചു.

ഫോം എഫിലെ 23 സൂചകങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുക, അൾട്രാസൗണ്ട് പരിശോധനയ്ക്ക് ഡോക്ടറുടെ റഫറൽ നിർബന്ധമാക്കുക, ഡോക്ടർമാർക്ക് പ്രത്യേക പരിശീലനവും ബോധവത്കരണവും നൽകുക, മെഡിക്കൽ പാഠ്യപദ്ധതിയിൽ നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഹർജിയിൽ ഉൾപ്പെട്ടിരുന്നു.

എന്നാൽ, ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ 1994ലെ പിസിപിഎൻഡിടി നിയമത്തിലും അനുബന്ധ ചട്ടങ്ങളിലും നിരവധി ഭേദഗതികൾ വരുത്തിയതായി ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് നിലവിലെ ഹർജി തീർപ്പാക്കിയത്. വിഷയത്തിൽ പുതിയ ഹർജി സമർപ്പിക്കുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *