ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ നിന്നും യുപിയിലെ കോടതിയിലേക്ക് കൊണ്ടുപോവുമ്പോള്‍ തങ്ങളെ കൈവിലങ്ങ് അണിയിക്കണമെന്നും ബുള്ളറ്റ്പ്രൂഫ് വസ്ത്രം ധരിപ്പിക്കണമെന്നും തടവുകാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം ഒഴിവാക്കാനാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് തടവുകാര്‍ കോടതിയെ അറിയിച്ചു. തടവുകാരുടെ ആവശ്യം കോടതി അംഗീകരിച്ചു. ആഗസ്റ്റില്‍ ഷാംലിയിലെ കോട്വാലി പ്രദേശത്തെ ജിമ്മിന് പുറത്തുവെച്ച് വെടിയേറ്റു മരിച്ച ഹരിയാന്‍വി ഗായകന്‍ അങ്കിത് ബാലിയാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഷാംലി പോലിസ് അറസ്റ്റ് ചെയ്ത ദീപക് എന്ന തീത്തര്‍, യോഗേഷ് എന്ന തുണ്ട എന്നിവരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലേക്കും തിരിച്ചുമുള്ള യാത്രയില്‍ പ്രതികള്‍ക്ക് വിലങ്ങുകളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഉറപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
പ്രതികള്‍ തന്നെയാണ് ഈ സുരക്ഷാ ക്രമീകരണങ്ങള്‍ ആവശ്യപ്പെട്ടതെന്ന് കോടതി ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഷാംലി സിജെഎം കോടതിയില്‍ ഹാജരാക്കുന്നതിനായി കൈകാലുകളില്‍ വിലങ്ങുകള്‍ വേണമെന്ന് തടവുകാര്‍ സ്വയം ആവശ്യപ്പെട്ടതായി ഉത്തരവില്‍ പറയുന്നു.ഷാംലി കോടതിയില്‍ ഹാജരാക്കുമ്പോഴും ഡല്‍ഹിയിലേക്കുള്ള മടക്കയാത്രയിലും പ്രതികള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്കും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി. യാത്രയ്ക്കിടയില്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകരുതെന്ന് നിര്‍ദ്ദേശിച്ച കോടതി, ഉത്തരവിന്റെ പകര്‍പ്പുകള്‍ ജയില്‍ സൂപ്രണ്ടിനും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഉടന്‍ അയക്കാന്‍ ഉത്തരവിട്ടു.
അങ്കിത് ബാലിയാന്റെ കൊലപാതകത്തില്‍ ജിതേന്ദര്‍ ഗോഗിയാളുടെ നേതൃത്വത്തിലുള്ള സംഘത്തിന് പങ്കുണ്ടെന്ന് പോലിസ് സംശയിക്കുന്നു. ‘ഭാരി കോര്‍ട്ട് മേം ഗോലി മാരേങ്കെ മേരി ജാന്‍’ എന്ന ഗാനത്തില്‍ അങ്കിത് ബാലിയാന്‍ അഭിനയിച്ചിരുന്നു. 2021-ല്‍ ഡല്‍ഹി കോടതി മുറിക്കുള്ളില്‍ വെച്ച് എതിരാളിയായ തില്ലു താജ്പുരിയയുടെ ആളുകളാല്‍ കൊല്ലപ്പെട്ട തങ്ങളുടെ ഗാങ് ലീഡറുടെ മരണത്തെ പരിഹസിക്കുന്നതാണ് ഈ വരികള്‍ എന്ന് ഗോഗി സംഘം വിശ്വസിച്ചിരുന്നതായി പോലിസ് സംശയിക്കുന്നു. എതിര്‍ ചേരിയായ തില്ലു സംഘവുമായി ചേര്‍ന്നാണ് ബാലിയാന്‍ ഈ ഗാനം പുറത്തിറക്കിയതെന്ന് അവര്‍ ആരോപിച്ചു.
