നിയമ പഠനത്തിന് ഇനി പ്രായപരിധിയില്ല; സുപ്രധാന തീരുമാനവുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ

ന്യൂഡൽഹി: രാജ്യത്തെ മൂന്ന്, അഞ്ച് വർഷ നിയമ പഠന കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന ഉയർന്ന പ്രായപരിധി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) പിൻവലിച്ചു. സുപ്രീം കോടതിയിലാണ് ബാർ കൗൺസിൽ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇതോടെ നിയമപഠനം ആഗ്രഹിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന് മുൻപാകെയാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ബിസിഐക്ക് വേണ്ടി ഹാജരായ അഭിഭാഷക രാധിക ഗൗതം ആണ് പ്രായപരിധി പിൻവലിച്ചുകൊണ്ടുള്ള പുതിയ തീരുമാനം കോടതിയെ അറിയിച്ചത്.

2016ൽ ബാർ കൗൺസിൽ പുറത്തിറക്കിയ സർക്കുലർ ചോദ്യം ചെയ്‌ത്‌ ഋഷഭ് ദുഗ്ഗൽ എന്നയാൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇൻ്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് ലോ ഡിഗ്രി പ്രോഗ്രാമിൽ പ്രവേശനം നേടുന്നതിനുള്ള പരമാവധി പ്രായം 20 വയസ്സായി നിജപ്പെടുത്തിയ 2008ലെ ലീഗൽ എജ്യുക്കേഷൻ ചട്ടങ്ങളിലെ 11-ാം ചട്ടത്തിലെ 28-ാം വകുപ്പ് പുനഃസ്ഥാപിച്ച നടപടിയാണ് ഹർജിക്കാരൻ ചോദ്യം ചെയ്‌തത്‌. ബാർ കൗൺസിലിൻ്റെ പുതിയ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതി ഹർജി തീർപ്പാക്കി.ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ സൊഹൈബ് ഹൊസൈൻ ചില സുപ്രധാന കാര്യങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ബാർ കൗൺസിൽ ജനറൽ കൗൺസിലിൻ്റെ തീരുമാനം അന്തിമമാണെന്ന കാര്യം കോടതി ഉത്തരവിൽ രേഖപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുൻപും സമാനമായ രീതിയിൽ പ്രായപരിധി പിൻവലിക്കുകയും പിന്നീട് അത് പുനഃസ്ഥാപിക്കുകയും ചെയ്‌ത ചരിത്രം ബാർ കൗൺസിലിനുണ്ടെന്ന് അദ്ദേഹം കോടതിയെ ഓർമിപ്പിച്ചു.എന്നാൽ, പ്രായപരിധി പിൻവലിച്ചുകൊണ്ടുള്ള പ്രമേയം കഴിഞ്ഞ ദിവസമാണ് പാസാക്കിയതെന്നും അതുകൊണ്ടാണ് നേരത്തെ കോടതിയിൽ സമർപ്പിക്കാൻ കഴിയാതിരുന്നതെന്നും ബിസിഐ അഭിഭാഷക വ്യക്തമാക്കി. ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും ലീഗൽ എജ്യുക്കേഷൻ കമ്മിറ്റി കോ-ചെയർമാനുമായ രാജേന്ദ്ര മേനോൻ്റെ ഉത്തരവിൻ്റെയും ലീഗൽ എജ്യുക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പ്രമേയത്തിൻ്റെയും അടിസ്ഥാനത്തിലാണ് പ്രായപരിധി പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ബാർ കൗൺസിൽ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *