വേഗത്തിലുള്ള വിചാരണ മൗലികാവകാശം, ലംഘിക്കുന്നത് ജാമ്യം അനുവദിക്കുന്നതിന് കാരണമാകും: സുപ്രീം കോടതി

ഡൽഹി: വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം  മൗലികാവകാശമാണെന്നും അതിന്റെ ലംഘനം ജാമ്യം അനുവദിക്കാനുള്ള കാരണമായി മാറുമെന്നും സുപ്രീം കോടതി. സുഖ്‌വീന്ദർ സിങ് കേസിൽ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ ചോദ്യംചെയ്തുകൊണ്ടാണ് സുപ്രീം കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്. എൻ.ഡി.പി.എസ് ആക്ടിലെ കർശനമായ ജാമ്യവ്യവസ്ഥകളെ മറികടക്കാൻ, വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശത്തിന് കഴിയില്ലെന്ന വിധിയെയാണ് സുപ്രീം കോടതി ചോദ്യംചെയ്തത്.

ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ, ജസ്റ്റിസ് അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് സുഖ്‌വീന്ദർ സിങ് കേസിലെ വിധി, മുൻ കേസുകളിലുണ്ടായ വിധികളോ ഭരണഘടനാ തത്വങ്ങളോ ശ്രദ്ധിക്കാതെ പുറപ്പെടുവിച്ചതാണെന്ന് കണ്ടെത്തിയത്. എൻ.ഡി.പി.എസ് ആക്ട് പോലുള്ള പ്രത്യേക നിയമങ്ങൾ ബാധകമാകുന്ന കേസുകളിൽ, വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം, കർശനമായ ജാമ്യവ്യവസ്ഥയുടെ പരിധികൾക്കുള്ളിൽ നിന്നുകൊണ്ട് മാത്രമേ വിനിയോഗിക്കാവൂ എന്നായിരുന്നു വിധി. വിചാരണ നീണ്ടുപോകുന്നു എന്നത് മാത്രം പരിഗണിച്ച് ജാമ്യവ്യവസ്ഥകളെ മറികടക്കാനാവില്ലെന്നും വിധിയിൽ സൂചിപ്പിച്ചിരുന്നു.കർശനമായ ജാമ്യവ്യവസ്ഥകളുള്ള നിയമങ്ങൾ ബാധകമായ കേസുകളിൽ പോലും, വിചാരണ നീണ്ടുപോകുന്നതായി കണ്ടാൽ കോടതികൾക്ക് ജാമ്യം അനുവദിക്കാമെന്ന് നേരത്തെയുണ്ടായ കെ.എ. നജീബ് കേസിൽ വ്യക്തമാക്കിയിരുന്നു. വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം ഒരു മൗലികാവകാശമാണെന്നും അതിന്റെ ലംഘനം ജാമ്യം അനുവദിക്കാനുള്ള കാരണമായി മാറുമെന്നും സുഖ്‌വീന്ദർ സിങ് കേസ് പരിഗണിച്ച കോടതി അടിവരയിട്ടു പറഞ്ഞു.”ഒന്നാമതായി, ഭരണഘടനയുടെ അനുച്ഛേദം 21 നൽകുന്ന അവകാശങ്ങൾ വെറുമൊരു ഭരണഘടനാ അവകാശങ്ങൾ മാത്രമല്ല, അവ മൗലികാവകാശങ്ങളാണ്. അനുച്ഛേദം 21-ൽ ഉൾപ്പെടുത്തിയിട്ടുള്ള ജീവനും വ്യക്തിസ്വാതന്ത്രത്തിനുമുള്ള അവകാശം നമ്മുടെ ഭരണഘടനാ തത്വങ്ങളുടെ കാതലായ ഭാഗമാണ്. പ്രത്യേക നിയമങ്ങൾക്ക് കീഴിൽ പോലും ഈ മൗലികാവകാശങ്ങളെ നിസ്സാരമായി കാണാനോ ലംഘിക്കാനോ സാധിക്കില്ല,” എന്ന് സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

രണഘടനാ വ്യവസ്ഥകളും എൻ.ഡി.പി.എസ്, യു.എ.പി.എ, പി.എം.എൽ.എ തുടങ്ങിയ പ്രത്യേക നിയമങ്ങളും തമ്മിൽ എന്തെങ്കിലും വൈരുദ്ധ്യമുണ്ടായാൽ, ഭരണഘടനാ വ്യവസ്ഥയ്ക്കാണ് മുൻഗണന ലഭിക്കുകയെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.പി.എം.എൽ.എ, എൻ.ഡി.പി.എസ് ആക്ട്, യു.എ.പി.എ തുടങ്ങിയ കർശനനിയമങ്ങൾ ബാധകമാകുന്ന കേസുകളിൽ, വിചാരണ വൈകുന്നത് കൊണ്ട് ജാമ്യം അനുവദിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ സുപ്രീം കോടതിയിലെതന്നെ വിവിധ ബെഞ്ചുകൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ വിധി വന്നിരിക്കുന്നത്. ഈ വിഷയം ഇപ്പോൾ വിശാല ബെ‍ഞ്ചിന്റെ പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *