ന്യൂദൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ സംഭാവനകൾ മോഷ്ടിക്കപ്പെട്ടെന്ന ആരോപണങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച തീർപ്പാക്കി. കേസിനാധാരമായ വിഷയത്തിൽ ആഴത്തിൽ കടന്നിട്ടില്ലെന്നും അഭിപ്രായമൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റീസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം പരിഗണിച്ചത്. ഈ കേസിൽ ഉത്തർപ്രദേശ് സർക്കാർ ഇതിനകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
നിയമപ്രകാരം നടപടികളുമായി മുന്നോട്ടുപോകാൻ ജുഡീഷ്യൽ മജിസ്‌ട്രേറ്റിനോട് കോടതി നിർദ്ദേശിച്ചു. നിയമം അനുവദിക്കുന്ന പരിധിക്കുള്ളിൽ നിന്ന്, നടപടികൾക്കിടയിൽ മജിസ്‌ട്രേറ്റിനെ സഹായിക്കാൻ ഹർജിക്കാർക്ക് അനുമതി നൽകുകയും ചെയ്തു.‘ഇതിൽ പൊതുതാൽപ്പര്യമുള്ളതിനാൽ, ഒരു കുറ്റകൃത്യത്തിന് ഇരയായ വ്യക്തിക്ക് കോടതിയെ സഹായിക്കാൻ നിയമം അനുവദിക്കുന്നതുപോലെ, മജിസ്‌ട്രേറ്റിനെ സഹായിക്കാൻ ഹർജിക്കാർക്ക് അനുമതി നൽകുന്നു,’ ഉത്തരവിൽ പറയുന്നു.
ആരോപണങ്ങളുടെ വസ്തുതകളെക്കുറിച്ചോ ഗുണദോഷവശങ്ങളെക്കുറിച്ചോ സുപ്രീം കോടതി യാതൊരു അഭിപ്രായവും രേഖപ്പെടുത്തിയിട്ടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
