അഹമ്മദാബാദ്: സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര വിൽപ്പന നിരോധിച്ച ഗുജറാത്ത് സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വെരാവലിലെ പ്രഭാസ് പാട്ടണിലുള്ള സോമനാഥ ക്ഷേത്രത്തിന്റെ പരിസരത്ത് മാംസാഹാര വിൽപ്പന നിരോധിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനമാണ് കോടതി റദ്ദാക്കിയത്. ഉത്തരവ് പുറപ്പെടുവിച്ച കോടതി, നടപടി സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യവും തള്ളി.
ഇതോടെ കോടതി ഉത്തരവിന്റെ പകർപ്പ് ലഭ്യമാകുന്നതോടെ പ്രദേശത്ത് വീണ്ടും മാംസാഹാരം വിൽക്കാൻ സാധിക്കും. മാംസാഹാരത്തിന്റെ വിൽപ്പന, സംഭരണം, വിതരണം, പാചകം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ ആറ് റസ്റ്ററന്റുകളുടെ ഉടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ജെ.എം. റസ്റ്ററന്റ്, ഖ്വാജ ഹിന്ദുസ്ഥാൻ റസ്റ്ററന്റ്, ന്യൂ ഗുലാബ്, കിസ്മത്ത് റസ്റ്ററന്റ്, താജ് റസ്റ്ററന്റ് എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളാണ് ഹർജിക്കാർ.
സോമനാഥ ക്ഷേത്രത്തിലേക്ക് പോകുന്ന നിർദിഷ്ട റോഡുകളിലും ക്ഷേത്രത്തിന് ചുറ്റുമുള്ള 500 മീറ്റർ പരിധിയിലുമായിരുന്നു നിരോധനം ഏർപ്പെടുത്തിയിരുന്നത്. ജസ്റ്റിസ് നിഷ എം. താക്കോർ വെള്ളിയാഴ്ച ഹർജി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ, ഡിവിഷൻ ബെഞ്ചിന് മുന്നിൽ അപ്പീൽ നൽകാൻ സമയം അനുവദിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.ഓഗസ്റ്റ് 10-ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചതിനുശേഷം പ്രദേശത്തെ സ്ഥിതിഗതികളിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ ജി.എച്ച്. വിർക് കോടതിയിൽ വാദിച്ചു. അതിനാൽ ഹൈക്കോടതി ഉത്തരവ് ഏഴ് ദിവസത്തേക്ക് സ്റ്റേ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 10 മുതൽ ഇവിടെ ഒന്നും മാറിയിട്ടില്ല. അതുകൊണ്ട് നിലവിലെ സാഹചര്യം മാറ്റമില്ലാതെ തുടരുകയാണ്. ഇടക്കാല ആശ്വാസം പോലും അനുവദിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, അടുത്ത ആഴ്ച ലെറ്റേഴ്സ് പേറ്റന്റ് അപ്പീൽ ബെഞ്ചിനെ സമീപിക്കാനുള്ള സാധ്യത പരിശോധിക്കാൻ ഏഴ് ദിവസം അനുവദിക്കണം,” വിർക് കോടതിയിൽ പറഞ്ഞു.എന്നാൽ സർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് വാക്കാൽ വ്യക്തമാക്കി.
