‘ആശ്രിതനിയമനത്തിന് മകള്‍ വിവാഹിതയാണെന്നത് തടസമല്ല’: തെലങ്കാന ഹൈക്കോടതി

വിവാഹിതയായെന്ന ഒറ്റക്കാരണം കൊണ്ട് പെണ്‍മക്കള്‍ക്ക് ആശ്രിതനിയമനം നല്‍കാതിരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി തെലങ്കാന ഹൈക്കോടതി.ഇത്തരം നിയന്ത്രണങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. മകളും മകനും തമ്മിലുള്ള വേര്‍തിരിവാണ് ഇത്തരം നടപടികളിലൂടെ വെളിവാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സതേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി ഓഫ് തെലങ്കാന ലിമിറ്റഡിലെ മരണപ്പെട്ട ജീവനക്കാരന്റെ മകള്‍ നല്‍കിയ റിട്ട് പെറ്റീഷൻ പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. ഉചിതമായ രീതിയില്‍ യുവതിക്ക് നിയമന ഉത്തരവ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. യുവതി സമര്‍പ്പിച്ച അപേക്ഷ നിരന്തരമായി തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവാഹിതയാണെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു യുവതിയുടെ അപേക്ഷ കമ്പനി തള്ളിയത്.വൈദ്യുതി കമ്പനിയിലെ അസിസ്റ്റന്റ് ലൈന്‍മാനായിരുന്ന കെ രാമകൃഷ്ണ റെഡ്ഢി സര്‍വീസിലിരിക്കെ 2014 ജൂണ്‍ 4നാണ് മരണപ്പെട്ടത്. തുടര്‍ന്നാണ് മകള്‍ കുംഭം ജ്യോതി ആശ്രിതനിയമനത്തിന് അപേക്ഷിച്ചത്. അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് യുവതി സമര്‍പ്പിച്ച്‌ റിട്ട് പെറ്റീഷന്‍ പരിഗണിച്ച്‌ ജസ്റ്റിസ് ഇ വി വേണുഗോപാലാണ് വിധി പറഞ്ഞത്. സയാര ഖാത്തൂണ്‍ Vs സ്റ്റേറ്റ് ഓഫ് ബിഹാര്‍ കേസില്‍ സുപ്രീംകോടതിയുടെ വിധി ഉദ്ധരിച്ചു കൊണ്ടാണ് ഹൈക്കോടതി ജസ്റ്റിസ് വിധി പറഞ്ഞത്.മകനും മകളും തമ്മില്‍ വേര്‍തിരിവ് ചൂണ്ടിക്കാട്ടുന്ന ഏത് രീതിയിലുള്ള തരംതിരിക്കലും ഭരണഘടനാ വിരുദ്ധമാണെന്നും വിവാഹമോചിതരോ ഉപേക്ഷിക്കപ്പെട്ടതോ ആയ പെണ്‍മക്കള്‍ക്കുള്ള അര്‍ഹത പരിമിതപ്പെടുത്തുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *