ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ ജില്ലാ ജഡ്ജി റിനോ ഫ്രാന്‍സിസിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.നാല് മണിക്കൂര്‍ തന്നെ ചോദ്യം ചെയ്‌തെന്നും, വീട്ടില്‍ റെയ്ഡ് നടത്തിയെന്നുമുള്ള ജഡ്ജിയുടെ വാദം കേട്ട കോടതി, എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് ചോദിച്ചു. അദ്ദേഹം ജുഡീഷ്യല്‍ ഓഫീസറാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഇടപെടല്‍.കുറ്റകൃത്യത്തില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്നും, 17കാരനായ മകന്‍ വാഹനം എടുത്ത് പുറത്തേക്ക് പോയതിനെ കുറിച്ച് അറിവില്ലെന്നുമായിരുന്നു ജഡ്ജിയുടെ പ്രധാന വാദം. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് തടഞ്ഞത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ഇതിനോടകം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യം നല്‍കിയിരുന്നു. ജഡ്ജി അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം നാടുവിട്ട് പോകില്ലെന്നും ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്, അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സര്‍ക്കാരിനോട് ചോദിച്ചു. അപകടമുണ്ടാക്കിയ വാഹനത്തില്‍ ജില്ലാ ജഡ്ജിയുടെ നയിം ബോര്‍ഡ് വെച്ചിരുന്നുവെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.
ചേരാനല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
