പതിനാറുകാരൻ ഓടിച്ച സ്കൂട്ടറിടിച്ച് കാല്‍നടയാത്രക്കാരൻ മരിച്ച കേസില്‍, ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരമായി നല്‍കുന്ന 29 ലക്ഷം രൂപ വാഹന ഉടമയായ പിതാവില്‍ നിന്ന് തിരിച്ചുപിടിക്കാൻ മൂവാറ്റുപുഴ മോട്ടർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു.2023 ഒക്ടോബർ 9-നായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. ആരക്കുഴ പണ്ടപ്പിള്ളി തോട്ടക്കര ശിവക്ഷേത്രത്തിന് സമീപം റോഡരികിലൂടെ നടന്നു പോകുകയായിരുന്ന മീങ്കുന്നം നീർക്കാനയില്‍ എൻ.എം. ജേക്കബിനെ (59) അമിതവേഗത്തിലെത്തിയ സ്കൂട്ടർ പിന്നില്‍നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജേക്കബ് ചികിത്സയിലിരിക്കെ നാല് ദിവസത്തിന് ശേഷം മരണപ്പെട്ടു.തോട്ടക്കര കല്ലുങ്കല്‍ ബിനോയ് ജോണിന്റെ മകനാണ് അപകടസമയത്ത് സ്കൂട്ടർ ഓടിച്ചിരുന്നത്. പ്രായപൂർത്തിയാകാത്തതും ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തതുമായ മകന് വാഹനം ഓടിക്കാൻ നല്‍കിയതിലൂടെ മോട്ടർ വാഹന നിയമത്തിലെ വ്യവസ്ഥകളും ഇൻഷുറൻസ് പോളിസി നിബന്ധനകളും വാഹന ഉടമ ലംഘിച്ചതായി കോടതി കണ്ടെത്തി.മരിച്ച ജേക്കബിന്റെ ഭാര്യ എമിലി, മക്കളായ ശാലു, ശരത് എന്നിവർക്ക് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരമായി 21,96,000 രൂപയും 8% പലിശയും കോടതിച്ചെലവും അടക്കം തുക നല്‍കണം. തുടർന്ന് ഈ തുക കുട്ടിയുടെ പിതാവില്‍ നിന്ന് ഇൻഷുറൻസ് കമ്പനിക്ക് ഈടാക്കാവുന്നതാണെന്ന് ട്രൈബ്യൂണല്‍ ജഡ്ജി കെ.എൻ. ഹരികുമാർ ഉത്തരവിട്ടു. വാദിഭാഗത്തിന് വേണ്ടി അഡ്വക്കേറ്റുമാരായ ഒ.വി. അനീഷ്, ഇ.ജി. ഇന്ദു എന്നിവരും ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി ഡിംപിള്‍ ജെയിംസ്, സജി ജോസഫ് എന്നിവരും ഹാജരായി.
16-കാരൻ ഓടിച്ച സ്കൂട്ടറിടിച്ച് കാല്‍നടയാത്രക്കാരൻ മരിച്ച സംഭവം; പിതാവില്‍ നിന്ന് 29 ലക്ഷം രൂപ ഈടാക്കാൻ ട്രൈബ്യൂണല്‍
