ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം ഉയർത്താൻ സുപ്രീം കോടതി; അനുകൂല നിലപാടുമായി 14 സംസ്ഥാനങ്ങൾ

ന്യൂഡൽഹി:ജില്ലാ ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം 60-ൽ നിന്ന് 62 വയസായി ഉയർത്താൻ സുപ്രീം കോടതി. 14 സംസ്ഥാനങ്ങൾ ഇക്കാര്യം സമ്മതിച്ചതായി സുപ്രീം കോടതി സംതൃപ്‌തി രേഖപ്പെടുത്തി. അതേസമയം വിരമിക്കാറായതോ അല്ലെങ്കിൽ ഇതിനകം വിരമിച്ചതോ ആയ ജഡ്‌ജിമാർ സമർപ്പിച്ച പ്രത്യേക ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു.ഇത് ഈ കോടതിയുടെ ‘പെർസുവേസീവ് ജൂറിസ്‌ഡിക്ഷനുമായി’ (persuasive jurisdiction – നിർദ്ദേശങ്ങൾ നൽകി നടപ്പിലാക്കാനുള്ള അധികാരം) ബന്ധപ്പെട്ട വിഷയമാണ്. സുപ്രീം കോടതിയും സംസ്ഥാനങ്ങളും തമ്മിലുള്ള കാര്യമാണിത്,”എന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 60 വയസ് പൂർത്തിയാക്കി സർവീസിൽ നിന്ന് വിരമിക്കേണ്ടി വരുന്ന ജഡ്‌ജിമാരുടെ വ്യക്തിഗത ഹർജികൾ പരിഗണിക്കാൻ വിസമ്മതിച്ചുകൊണ്ടായിരുന്നു ഈ പരാമർശം.ഇതുവരെ 14 സംസ്ഥാനങ്ങൾ വിരമിക്കൽ പ്രായം 62 വയസായി ഉയർത്താൻ സമ്മതിച്ചിട്ടുണ്ടെന്നും, മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹർജി വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, ജുഡീഷ്യൽ ഉദ്യോഗസ്ഥർ വ്യക്തിഗതമായി ഹർജികൾ സമർപ്പിക്കുന്നതിനെ കോടതി അംഗീകരിക്കുന്നില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.എന്നാൽ ദിവസവും ജുഡീഷ്യൽ ഉദ്യോഗസ്ഥർ വിരമിച്ചുകൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി, മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ ഹർജികൾ പരിഗണനയ്ക്കായി എടുക്കണമെന്ന് ആവശ്യപ്പെട്ടു. ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം 60-ൽ നിന്ന് 62 വയസായി ഉയർത്താൻ സെപ്‌തംബർ നാലിന് ബെഞ്ച് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.ഛത്തീസ്‌ഗഢ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, സിക്കിം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ ഏഴ് സംസ്ഥാനങ്ങളിൽ, ഈ വർഷം മാർച്ച് 31-നോ അതിനുശേഷമോ വിരമിച്ച ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക്, മറ്റൊരു ജോലിയിൽ പ്രവേശിച്ചിട്ടില്ലെങ്കിൽ, സർവീസിൽ തിരികെ പ്രവേശിക്കാൻ അവസരം നൽകണമെന്ന് ബെഞ്ച് നിർദ്ദേശിച്ചിരുന്നു.എന്നാൽ, ഇതിനായി ബന്ധപ്പെട്ട ഹൈക്കോടതി ഉദ്യോഗസ്ഥരുടെ യോഗ്യതയും അനുയോജ്യതയും വിലയിരുത്തേണ്ടതുണ്ട്. ഈ ഭേദഗതികൾ രണ്ട് മാസത്തിനുള്ളിൽ നടപ്പിലാക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു. “ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതുവരെ, ബന്ധപ്പെട്ട ഹൈക്കോടതി നടത്തുന്ന യോഗ്യതാ-പ്രകടന വിലയിരുത്തലിന് വിധേയമായി, 60 വയസ് പൂർത്തിയായ ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് 62 വയസ് വരെ സർവീസിൽ തുടരാം,”എന്ന് കോടതി വ്യക്തമാക്കിയിരുന്നു.ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പുനഃപരിശോധിക്കാൻ ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, കേരളം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന, ത്രിപുര, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഡൽഹി, ജമ്മു കശ്‌മീർ, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സുപ്രീം കോടതി നിർദ്ദേശിച്ചു.സാമ്പത്തിക ബാധ്യത ഒരു കാരണമായി ചൂണ്ടിക്കാട്ടി ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നതിനെ എതിർക്കാൻ കഴിയില്ലെന്ന് നേരത്തെ കോടതി നിരീക്ഷിച്ചിരുന്നു. ജഡ്‌ജിമാരുടെ വിരമിക്കൽ പ്രായം വർധിപ്പിക്കുന്ന വിഷയം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാരുകളോട് കോടതി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *