ആറു മാസത്തിനിടെ 23 പേർക്ക് വധശിക്ഷ; ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റി ഹൈക്കോടതി

മുസഫർനഗർ: ആറു മാസത്തിനിടെ 11 കേസുകളിൽ 23 പേർക്ക് വധശിക്ഷ വിധിച്ച ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റി ഹൈക്കോടതി. അഡീഷണൽ ജില്ല സെഷൻസ് ജഡ്ജി രവികുമാർ ദിവാകറിനെയാണ് അലഹബാദ് ഹൈക്കോടതി മുസഫർ നഗർ കുടുംബകോടതിയിലേക്ക് സ്ഥലം മാറ്റിയത്.ഫാസ്റ്റ്ട്രാക് കോടതി ജഡ്ജിയായിരുന്ന അദ്ദേഹത്തെ കുടുംബകോടതിയുടെ അഡീഷണൽ പ്രിൻസിപ്പൽ ജഡ്ജിയായാണ് നിയമിച്ചിരിക്കുന്നത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ദിവാകർ വധശിക്ഷ വിധിച്ച് റെക്കോർഡിട്ടത്.കൊലപാതകവും മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങളും ഉൾപ്പെടുന്ന ഭാഗികമായി വാദം കേട്ട 97 കേസുകൾ ഇക്കഴിഞ്ഞ ആഗസ്റ്റിൽ അന്നത്തെ ജില്ലാ സെഷൻസ് ജഡ്ജി ബി.കെ സിംഗ് തന്റെ കോടതിയിൽ നിന്ന് പിൻവലിച്ചതിനെ രവികുമാർ അടുത്തിടെ ചോദ്യം ചെയ്തിരുന്നു. പത്ത്‍വർഷം പഴക്കമുള്ള എൻഡിപിഎസ് കേസിലെ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധിന്യായത്തിലാണ് ജില്ലാ ജഡ്ജിക്കെതിരെ രംഗത്തുവന്നത്. ജുഡീഷ്യൽ സ്വാതന്ത്ര്യത്തെക്കുറിച്ചും ജില്ലാ ജഡ്ജിമാരുടെ അധികാരങ്ങളുടെ പരിമിതികളെക്കുറിച്ചും അദ്ദേഹം വിധിന്യായത്തിൽ ആശങ്കകൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തേ ബറേലിയിലെ നിയമനകാലത്ത് 13 വധശിക്ഷകൾ കൂടി വിധിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ നിലവിലെ ട്രാൻസ്ഫർ ഉത്തരവിൽ എന്താണ് കാരണമെന്ന് വിശദീകരിക്കുന്നില്ല.

വാരാണസിയിൽ സിവിൽ ജഡ്ജിയായിരിക്കെ 2022 ഏപ്രിൽ എട്ടിന് ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ കോടതി മേൽനോട്ടത്തിലുള്ള വിഡിയോഗ്രാഫിക് സർവേയ്ക്ക് ഉത്തരവിട്ടത് രവികുമാർ ദിവാകറായിരുന്നു. അഞ്ച് ഹിന്ദു സ്ത്രീകൾ ശ്രിംഗാർ ഗൗരി സ്ഥലത്ത് ആരാധന നടത്താൻ അനുമതി തേടി നൽകിയ ഹരജിയുമായി ബന്ധപ്പെട്ടായിരുന്നു നടപടി.സർവേയ്ക്കിടെ വുദുഖാനയിലെ ഒരു ഘടനയെ ഹിന്ദു ഹരജിക്കാർ ശിവലിംഗമെന്ന് അവകാശപ്പെട്ടപ്പോൾ മുസ്‌ലിം വിഭാഗം ജലധാരയുടെ ഭാഗമാണെന്ന നിലപാടാണ് സ്വീകരിച്ചത്. തുടർന്ന് 2022 മെയ് 16ന് ആ പ്രദേശം സീൽ ചെയ്യാൻ ദിവാകറുടെ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സുപ്രീംകോടതി വാരാണസി ജില്ലാ ജഡ്ജിയുടെ പരിഗണനയിലേക്ക് മാറ്റിയതും 2023 ജൂലൈ 21 ന് ജില്ലാ ജഡ്ജി എ.കെ. വിശ്വേശര ഗ്യാൻവാപി സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ സർവേയ്ക്ക് അനുമതി നൽകിയതും. ഈ ഉത്തരവ് 2023 ആഗസ്റ്റ് മൂന്നിന് അലഹബാദ് ഹൈക്കോടതി ശരിവെച്ചു. സർവെ വിവരങ്ങൾ വന്നതിന് പിന്നാലെ പൂജ അനുവദിച്ച് കൊണ്ടുള്ള കോടതി ഉത്തരവും വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *