‘ഡല്‍ഹിയിലെ താമസം തെളിയിക്കുന്ന രേഖ ഹാജരാക്കണം’: സൗരവ് ദാസിനോട് SEM കോടതി, കേസ് പരിഗണിക്കുന്നത് നവംബര്‍ 17ലേക്ക് മാറ്റി

സമാധാന ലംഘനം തടയുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ വേളയില്‍ ഡല്‍ഹിയിലെ താമസം തെളിയിക്കുന്ന കൃത്യമായ മേല്‍വിലാസ രേഖകള്‍ ഹാജരാക്കാൻ കോക്‌റോച്ച്‌ ജനതാ പാർട്ടി (CJP) കോ-കണ്‍വീനർ സൗരവ് ദാസിനോട് ആവശ്യപ്പെട്ട് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് (SEM) കോടതി.സൗരവ് ദാസ് ഡല്‍ഹിയിലാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കുന്ന വാടകക്കരാറോ മറ്റ് ലീസുകളോ കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസിന് വേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി. തുടർന്ന് രേഖകള്‍ ശേഖരിക്കാൻ കൂടുതല്‍ സമയം വേണമെന്ന സൗരവ് ദാസിന്റെ വക്കീലിന്റെ അഭ്യർത്ഥന പരിഗണിച്ച്‌, കേസ് പരിഗണിക്കുന്നത് നവംബർ 17-ലേക്ക് മാറ്റി.സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് റിതു രാജാണ് വെള്ളിയാഴ്ച ഈ നിർദ്ദേശം നല്‍കിയത്.ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ഒക്ടോബർ 12-നാണ് സൗരവ് ദാസും സി.ജെ.പി നേതാവ് അശുതോഷ് റാങ്കയും അറസ്റ്റിലായത്. സുരക്ഷാ നിയന്ത്രണങ്ങളുള്ള ജന്തർ മന്തർ പ്രക്ഷോഭ ഭൂമിയുടെ ഗേറ്റ് ചാടിക്കടന്നതിനെ തുടർന്നായിരുന്നു പാർലമെന്റ് സ്ട്രീറ്റ് പൊലീസിന്റെ നടപടി. മുൻകരുതല്‍ നടപടിയായാണ് ഇവർക്കെതിരെ കേസ് എടുത്തത്. ഒരു ആഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷം 50,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ഒക്ടോബർ 21-നാണ് ഇവർക്ക് ഇടക്കാല ആശ്വാസം ലഭിച്ചത്. ജന്തർ മന്തറില്‍ വീണ്ടും പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്യില്ലെന്നും, പൊതുസമാധാനം നിലനിർത്തുമെന്നും സത്യവാങ്മൂലം നല്‍കിയ ശേഷമായിരുന്നു ഇവരുടെ മോചനം.

Leave a Reply

Your email address will not be published. Required fields are marked *