ന്യൂഡൽഹി ∙ സാമൂഹ്യവിരുദ്ധർ സമരങ്ങളിൽ നുഴഞ്ഞുകയറാതിരിക്കാനും ഗതി മാറ്റാതിരിക്കാനുമാണ് പൊലീസ് പലപ്പോഴും പ്രതിഷേധങ്ങൾക്ക് അനുമതി നിഷേധിക്കുന്നതെന്ന് ഡൽഹി ഹൈക്കോടതി. പ്രതിഷേധ പ്രകടനങ്ങൾ തടയുകയെന്ന ലക്ഷ്യംവച്ചു മാത്രമല്ല പൊലീസ് അനുമതി നിഷേധിക്കുന്നതെന്നു സിജെപി നേതാക്കളായ സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും ഹർജി പരിഗണിക്കുന്നതിനിടെ ഡൽഹി ഹൈക്കോടതി ജഡ്ജി സുബ്രഹ്മണ്യം പ്രസാദ് വാക്കാൽ പറഞ്ഞു.വിദേശത്തും മറ്റും വിദ്യാർഥി സമരമായി തുടങ്ങുന്ന പ്രതിഷേധങ്ങൾ കൊള്ളയിലേക്കും കൊള്ളിവയ്പിലേക്കും നീങ്ങുന്നതു കാണുന്നുണ്ടല്ലോയെന്നും ചോദിച്ചു. അതേസമയം, ഈ പരാമർശം നിലവിലെ കേസിന്റെ വസ്തുതകളിലേക്കു കടന്നു നടത്തിയതല്ലെന്നും വ്യക്തമാക്കി. വിലക്കു ലംഘിച്ച് ജന്തർ മന്തറിൽ കടന്നതിനാണു സൗരവും അശുതോഷും ഉൾപ്പെടെയുള്ളവരെ കഴിഞ്ഞ 13ന് അറസ്റ്റ് ചെയ്തത്. കസ്റ്റഡി കാലാവധി നീട്ടിയതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജി ഇരുവരും പിൻവലിച്ചു.സിജെപി നേതാക്കളുടെ ഹർജിയിൽ വാദം നടക്കുന്നതിനിടെ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും എത്ര വയസ്സായെന്നു ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ചോദിച്ചു. സൗരവിന് 27, റാങ്കയ്ക്ക് 32 എന്ന് അഭിഭാഷകന്റെ മറുപടി. അപ്പോൾ നിങ്ങൾ ജെൻസീയല്ല എന്നു പറഞ്ഞ ജഡ്ജി ആരാണ് ജെൻസീ എന്നും ആരാഞ്ഞു. 1997ന് ശേഷം ജനിച്ച തലമുറയെന്ന് അഭിഭാഷകന്റെ മറുപടി. അങ്ങനെയെങ്കിൽ നിങ്ങൾ ജെൻസീയല്ലെന്നു ജഡ്ജി ആവർത്തിച്ചു.
യൂറോപ്പിലെ തീവയ്പ് കാണുന്നില്ലേയെന്ന് കോടതി: അനുമതി തടയുന്നത് സമരം വഴിതെറ്റാതിരിക്കാൻ
