സുഹൈല്‍ ബോസ്റ്റല്‍ സ്കൂളില്‍ തന്നെ തുടരും; ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ കോടതി തള്ളി

നെടുമ്പാശേരി വാഹനാപകട കേസിലെ ഒന്നാം പ്രതി സുഹൈല്‍ സജീവ് കാക്കനാട് ബോസ്റ്റല്‍ സ്കൂളില്‍ തുടരും. ജയിലിലേക്ക് മാറ്റണമെന്ന ബോസ്റ്റല്‍ സ്കൂള്‍ സൂപ്രണ്ടിൻ്റെ അപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതോടെ സുഹൈല്‍ അടക്കമുള്ള പ്രതികള്‍ ഉടൻ ജില്ലാ കോടതിയെ സമീപിക്കുമെന്നാണ് വിവരം.പ്രതിക്ക് പ്രത്യേക പരിഗണന നല്‍കിയാണ് ബോസ്റ്റല്‍ സ്കൂളില്‍ പാർപ്പിച്ചിരിക്കുന്നത് എന്ന രീതിയില്‍ ഉയർന്ന വിവാദങ്ങള്‍ക്കിടെയാണ് കോടതിയുടെ ഇടപെടല്‍. കേരളത്തിലെ നിയമപ്രകാരം 18-നും 21-നും ഇടയില്‍ പ്രായമുള്ള റിമാൻഡ് പ്രതികളെ പാർപ്പിക്കുന്നത് ബോസ്റ്റല്‍ സ്കൂളുകളിലാണ്. സുഹൈലിന് ഈ പ്രായപരിധിയിലുള്ള യോഗ്യതയുള്ളതിനാലാണ് സാധാരണ ജയിലിന് പകരം കോടതി ഉത്തരവിലൂടെ ഇവിടെ പ്രവേശിപ്പിച്ചത്.പ്രതി പുറത്തിറങ്ങിയാല്‍ കേസിനെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് പ്രതികള്‍ ബോസ്റ്റല്‍ സ്കൂളില്‍ തന്നെ തുടരട്ടെ എന്ന് കോടതി വ്യക്തമാക്കിയത്. 2026 ഒക്ടോബർ 11ന് പുലർച്ചെ ഒന്നേമുക്കാലോടെ നെടുമ്പാശ്ശേരി എയർപോർട്ട് റോഡില്‍ വാളെപ്പുറത്താണ് അപകടമുണ്ടായത്. ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കല്‍പ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്.കൊച്ചിയിലെ ഒരു ആന്റീക് ഷോപ്പിലെ ജീവനക്കാരായ ഇവർ എയർപോർട്ട് ഭാഗം സന്ദർശിച്ചശേഷം തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അപകടത്തില്‍ മൂന്നുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നില്‍ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *