‘യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാൻ ആഗ്രഹം’: കൊലക്കേസ് പ്രതിയുടെ ശിക്ഷ സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി

2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച കൊലപാതകക്കേസ് പ്രതിയുടെ ശിക്ഷ അലഹാബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു.2017ലെ സിഗ്ര പൊലീസ് സ്റ്റേഷൻ പരിധിയില്‍ രജിസ്റ്റർ ചെയ്ത കൊലപാതക കേസില്‍ വാരാണസി സെഷൻസ് കോടതി ശിക്ഷിച്ച നന്ദ്ലാല്‍ റായ് എന്ന ബബ്ലൂ റായ് സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് സിദ്ധാർത്ഥ്, ജസ്റ്റിസ് വിനയ് കുമാർ ദ്വിവേദി എന്നിവര അടങ്ങിയ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്.ബിജെപി പ്രവർത്തകനായിരുന്ന ഇയാള്‍, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായോ ബിജെപി ടിക്കറ്റിലോ മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അഭിഭാഷകൻ മുഖേന കോടതിയെ അറിയിക്കുകയായിരുന്നു.ഒരു സാധാരണക്കാരന്റെ ജീവനോപാധിക്കുള്ള അവകാശവും രാഷ്ട്രീയക്കാരന്റെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശവും തമ്മില്‍ യാതൊരു കുറവുമില്ല. അതിനാല്‍ അപ്പീലില്‍ അന്തിമതീരുമാനം ഉണ്ടാകുന്നത് വരെയെങ്കിലും ഇയാളുടെ ശിക്ഷ സ്റ്റേ ചെയ്യേണ്ടതുണ്ടെന്ന് ഒക്ടോബർ 5ലെ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളുടെ ശിക്ഷാവിധി മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 2023ല്‍ അഫ്സല്‍ അൻസാരി വേഴ്സസ് ഉത്തർപ്രദേശ് സർക്കാർ കേസില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയും ബെഞ്ച് പരാമർശിച്ചു.

രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായിരുന്ന പ്രമോദ് കുമാർ നിഗമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ് കേസ്. തർക്കത്തെ തുടർന്ന് നിഗമിനെ കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. എന്നാല്‍ ആദ്യം എഫ്‌ഐആറില്‍ പേരുണ്ടായിരുന്നില്ലെന്നും, എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് 17 ദിവസങ്ങള്‍ക്ക് ശേഷം റായിയുടെ പേര് എഴുതിച്ചേര്‍ത്തതെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചത്. സംശയത്തിന്റെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് റായിയെ പ്രതിചേർത്തതെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ സംസ്ഥാന സർക്കാർ ജാമ്യാപേക്ഷയെ എതിർത്തു. വാദമുഖങ്ങളും കേസിന്റെ സാഹചര്യങ്ങളും പരിഗണിച്ച ശേഷം, അപ്പീല്‍ തീർപ്പാകുന്നതുവരെ റായിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്തുകൊണ്ട് ബെഞ്ച് ഉത്തരവിടുകയായിരുന്നു.വ്യക്തിഗത ബോണ്ടും സമാന തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ജാമ്യത്തില്‍ വിടാൻ കോടതി ഉത്തരവിട്ടത്. അനുമതിയില്ലാതെ സ്വത്തുക്കള്‍ കൈമാറ്റം ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടു വർഷത്തില്‍ കൂടുതല്‍ തടവുശിക്ഷ ലഭിച്ച വ്യക്തികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ട്. എന്നാല്‍ അപ്പീല്‍ ഘട്ടത്തില്‍ ശിക്ഷ സ്റ്റേ ചെയ്യുന്നതോടെ ഈ വിലക്ക് താല്‍ക്കാലികമായി നീങ്ങും.

Leave a Reply

Your email address will not be published. Required fields are marked *