ന്യൂഡൽഹി: സത്യവാങ്മൂലങ്ങളിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ സ്ഥാനാർഥികൾക്കെതിരെ വോട്ടര്മാര്ക്ക് പരാതി നൽകാമെന്ന് സുപ്രീം കോടതി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 125A പ്രകാരം, തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നോ വിവരങ്ങൾ മറച്ചുവെച്ചെന്നോ ആരോപിച്ച് സ്വകാര്യ വ്യക്തികൾക്ക് സ്ഥാനാർഥികൾക്കെതിരെ പരാതി നൽകാമെന്നാണ് സുപ്രീം കോടതി വിധി വ്യക്തമാക്കിയത്.1973ലെ ക്രിമിനൽ നടപടിക്രമ നിയമത്തിലെ സെക്ഷൻ 195(1) പ്രകാരമുള്ള നിയന്ത്രണങ്ങൾ ഇത്തരം പരാതികൾക്ക് ബാധകമല്ലെന്ന് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ചില പ്രത്യേക കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട പൊതുപ്രവർത്തകൻ പരാതി നൽകണമെന്ന് ഈ നിയമം അനുശാസിക്കുന്നു.നാമനിർദ്ദേശ പത്രികയിലോ സത്യവാങ്മൂലത്തിലോ അറിഞ്ഞുകൊണ്ട് തെറ്റായ വിവരങ്ങൾ നൽകുകയോ വിവരങ്ങൾ മറച്ചുവെക്കുകയോ ചെയ്യുന്ന സ്ഥാനാർഥികൾക്കുള്ള ശിക്ഷ നിർദ്ദേശിക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 125 എ, സിആർപിസിയുടെ സെക്ഷൻ 195(1)ൽ ഉൾപ്പെടുന്നില്ലെന്ന് കോടതി പറഞ്ഞു.2023ൽ ബിദാർ നിയോജകമണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കർണാടക നിയമസഭാ അംഗമായ ഡോ. ശൈലേന്ദ്ര ബെൽഡാലെയ്ക്കെതിരായ പരാതി റദ്ദാക്കിയ കർണാടക ഹൈക്കോടതി വിധിക്കെതിരെ രാജ്കുമാർ മഡ്കി സമർപ്പിച്ച അപ്പീലിലാണ് വിധി. സിആർപിസി സെക്ഷൻ 195(1) പ്രകാരമുള്ള നിയന്ത്രണങ്ങൾ ബാധകമാണെന്നും സ്വകാര്യ വ്യക്തിക്ക് പകരം ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനോ ബന്ധപ്പെട്ട പൊതുപ്രവർത്തകനോ മാത്രമേ പരാതി നൽകാൻ കഴിയൂ എന്നും വ്യക്തമാക്കി കർണാടക ഹൈക്കോടതി പരാതി റദ്ദാക്കിയിരുന്നു.
സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ സ്ഥാനാർഥികളെ വോട്ടർമാർക്ക് ചോദ്യം ചെയ്യാമെന്ന് സുപ്രീം കോടതി
