ലൈംഗികവിദ്യാഭ്യാസത്തിന്റെയും ഡിജിറ്റല്‍ സുരക്ഷാ പാഠ്യപദ്ധതിയുടെയും ഭാഗമായി സ്വന്തം ശരീരത്തെക്കുറിച്ചും നല്ലതും മോശവുമായ സ്പര്‍ശത്തെക്കുറിച്ചും കുട്ടികളെ ബോധവല്‍ക്കരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.ജസ്റ്റിസ് ജെ.ബി. പര്‍ദിവാല അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ സുപ്രധാന ഉത്തരവ്. കുട്ടികള്‍ക്കെതിരായ ലൈംഗികചൂഷണം തടയാനുള്ള 2024-ലെ ഉത്തരവ് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയിലാണ് ബെഞ്ച് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി സ്‌കൂളുകളിലെ ക്ലാസ്മുറികള്‍, ഹോസ്റ്റലുകള്‍, ലൈബ്രറികള്‍, കംപ്യൂട്ടര്‍ ലാബുകള്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെല്ലാം ബാലസുരക്ഷാ ഹെല്‍പ്ലൈന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്ന് കോടതി വ്യക്തമാക്കി. കൂടാതെ, ചൂഷണം ചെയ്യപ്പെടുന്നതായോ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നതായോ കുട്ടികള്‍ പരാതിപ്പെട്ടാല്‍ ഉചിതമായ രീതിയില്‍ പ്രതികരിക്കാന്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
നല്ലതും ചീത്തയുമായ സ്പര്‍ശനങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം: സുപ്രീംകോടതി
കുട്ടികള്‍ക്കെതിരായ ചൂഷണങ്ങള്‍ തടയുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുടര്‍ച്ചയായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. കുറ്റകൃത്യങ്ങള്‍ക്ക് വിധേയരാകുന്ന കുട്ടികള്‍ക്ക് ആവശ്യമായ സൗജന്യ കൗണ്‍സലിങ്, മാനസിക പിന്തുണ, വിദഗ്ധ ചികിത്സ എന്നിവ ഉറപ്പാക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. സൈബറിടങ്ങളില്‍ കുട്ടികളുടെ ലൈംഗികചൂഷണ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് കണ്ടെത്തി ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നും കഴിഞ്ഞദിവസത്തെ വിധിയില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
