കൊച്ചി ∙ നെടുമ്പാശേരിയിൽ ആഡംബര കാർ സ്കൂട്ടറിനു പിന്നിലിടിച്ച് മൂന്നു പേർ കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ്, കൂട്ടാളികളായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷയാണ് അങ്കമാലി മജിസ്ട്രേട്ട് കോടതി തള്ളിയത്. ഇന്നലെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കി ഇന്നു വിധി പറയാനായി കോടതി മാറ്റുകയായിരുന്നു. ഈ മാസം 11നാണ് നെടുമ്പാശേരിയിൽ വച്ച് സുഹൈൽ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന 3 പേർ കൊല്ലപ്പെട്ടത്. നിലവിൽ കാക്കനാട് ജയിലിനോട് ചേർന്നുള്ള ബോസ്റ്റൽ സ്കൂളിൽ കഴിയുന്ന നാലു പ്രതികളും ജാമ്യാപേക്ഷയുമായി മജിസ്ട്രേട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഇതൊരു സാധാരണ അപകടം മാത്രമാണെന്നും കുറ്റകരമായ നരഹത്യ എന്ന ബിഎൻഎസ് 105 വകുപ്പ് നിലനിൽക്കില്ല എന്ന വാദമാണ് പ്രതിഭാഗം പ്രധാനമായും ഉയർത്തിയത്. പ്രതികൾക്കെതിരെ ഗൂഡാലോചന നടക്കുന്നുണ്ട്. അപകട വിവരം പുറത്തു വന്നതു മുതൽ സമൂഹമാധ്യമങ്ങളിലടക്കം പലതരത്തിലുള്ള പ്രചരണമാണ് നടക്കുന്നത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ എഫ്ഐആറിലെ വിവരങ്ങൾ പോലും ശരിയല്ല. അപകടം സാക്ഷി കണ്ടു എന്നു പറയുന്നത് ശരിയല്ല. സ്കൂട്ടറില് സഞ്ചരിച്ചത് 3 പേരാണ്, ഇത് അപകടത്തിന് കാരണമാകുന്നതാണ്. അപകടം ഉണ്ടായ ശേഷം സുഹൈല് എവിടേക്കും ഓടിപ്പോയില്ല തുടങ്ങിയ വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചുഎന്നാൽ പ്രഥമദൃഷ്ട്യാ എല്ലാ തെളിവുകളും പ്രതികൾക്കെതിരെ വിരൽച്ചൂണ്ടുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. വാഹനമോടിച്ചിരുന്ന സുഹൈൽ അമിതമായി മദ്യപിച്ചിരുന്നു എന്നതിന്റെ പരിശോധനാഫലം ലഭിച്ചു. ഇയാളുടെ രക്തത്തിൽ 5.3 മടങ്ങ് അധികമായിരുന്നു മദ്യത്തിന്റെ അളവ്. രക്തത്തിൽ 161 എംജിയും മൂത്രത്തിൽ 230 എംജിയും മദ്യമാണ് പരിശോധനയിൽ ലഭിച്ചത്. പ്രതികൾ ബാറിലേക്ക് കയറിപ്പോകുന്നതു ഇറങ്ങിവരുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. കാർ അതിവേഗത്തിലായിരുന്നു എന്നതിനും തെളിവുകളുണ്ട്. കേസ് ഇപ്പോൾ പ്രാഥമികഘട്ടത്തിലാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. തുടർന്ന് വിധി പറയുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
നെടുമ്പാശേരി വാഹനാപകടം: സുഹൈൽ ഉള്പ്പെടെയുള്ള പ്രതികൾക്ക് ജാമ്യം നിഷേധിച്ചു
