ഡല്‍ഹി പൊലീസിൻ്റെ അതിക്രമം: ജോണ്‍ ബ്രിട്ടാസ് എംപിയുടെ കത്ത് സുപ്രീം കോടതി ഹര്‍ജിയായി പരിഗണിക്കും

രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ ജോണ്‍ ബ്രിട്ടാസ് എംപി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ കത്ത് കോടതി ഹർജിയായി പരിഗണിക്കും.ഡല്‍ഹി പൊലീസിന്റെ നടപടികള്‍ക്കെതിരെ സമർപ്പിക്കപ്പെട്ടിട്ടുള്ള മറ്റു ഹർജികള്‍ക്കൊപ്പം ഇതും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരും.മാധ്യമങ്ങളോട് സംസാരിക്കവേ ഡല്‍ഹിയില്‍ തനിക്ക് നേരിടേണ്ടിവന്നത് ഒരു വ്യക്തിക്ക് നേരെയുള്ള അതിക്രമം മാത്രമല്ലെന്നും, വർത്തമാനകാല ഇന്ത്യയില്‍ ജനാധിപത്യപരമായ വിയോജിപ്പുകള്‍ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനുമുള്ള ഇടം എത്രത്തോളം ഭീഷണിയിലാണെന്നതിന്റെ തെളിവാണെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. തനിക്ക് സംഭവിച്ച ശാരീരിക അസ്വസ്ഥതകളേക്കാള്‍ അലട്ടുന്നത്, ഒരു ജനാധിപത്യ രാജ്യത്ത് ജനപ്രതിനിധിക്കാണ് ഈ അവസ്ഥ എന്നതാണ്. ജനപ്രതിനിധിയുടെ യാതൊരു ആനുകൂല്യങ്ങളും തനിക്ക് ആവശ്യമില്ല, മറിച്ച്‌ ഒരു സാധാരണ പൗരന് ഭരണഘടന ഉറപ്പുനല്‍കുന്ന പ്രാഥമിക അവകാശങ്ങള്‍ ലഭിച്ചാല്‍ മതി, അദ്ദേഹം പറഞ്ഞു.മാധ്യമങ്ങളുടെയും ക്യാമറകളുടെയും മുന്നില്‍, പട്ടാപ്പകല്‍ രാജ്യതലസ്ഥാനത്ത് വെച്ചാണ് ജനങ്ങള്‍ക്ക് നേരെയും ജനപ്രതിനിധിക്ക് നേരെയും പൊലീസ് ബലപ്രയോഗം നടത്തിയത്. സമാധാനപരമായ പ്രതിഷേധങ്ങളെയും ജനാധിപത്യപരമായ എതിരഭിപ്രായങ്ങളെയും കേവലം ശക്തി ഉപയോഗിച്ച്‌ അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. ജനപ്രതിനിധിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്ന ചോദ്യവും ഉയരുന്നു. സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ശക്തമായ ഇടപെടലുകളെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും എം പി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *