മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി കേരള നിയമസഭ.മുഖ്യമന്ത്രി വി.ഡി സതീശന് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം ഭേദഗതി നിർദേശത്തോടെ പിന്തുണച്ചു.എസ്ഐആറിലെ അപാകതകള്‍ പരിഹരിച്ച് ഒഴിവാക്കപ്പെട്ട അര്‍ഹരായ മുഴുവന്‍ വോട്ടര്‍മാരുടെയും വോട്ടവകാശം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും ആരോപണവിധേയനായ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്ന സമിതി, പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്നിവരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ സഭ തെരഞ്ഞെടുപ്പ് കമ്മീഷനോടും കേന്ദ്രസര്‍ക്കാരിനോടും അഭ്യര്‍ഥിച്ചു.പ്രമേയത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാക്കാലുള്ള ഭേദഗതി അംഗീകരിച്ചു. പുറത്തായ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ എന്നത് 13 കോടി എന്നാക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത്. വാക്കാലുള്ള ഭേദഗതി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഗ്യാനേഷ് കുമാറിനെതിരെ പ്രമേയം പാസ്സാക്കി നിയമസഭ
