മാസപ്പടി-ഹവാല ആരോപണങ്ങളില്‍ കേസെടുത്ത് വിജിലൻസ്. സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ഒന്നാണ് കേസെടുത്ത്.രണ്ട് എഫ്ഐര്‍ആറുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലുമാണ് കേസുകള്‍. ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുത്തത്. ഒന്നാമത്തെ മാസപ്പടി കേസില്‍ മാത്രമാണ് മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ പ്രതിയാക്കിയിരിക്കുന്നത്. രണ്ടാമത്തെ അഴിമതി കേസില്‍ മുന്‍മന്ത്രി മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ട് കേസിലും രണ്ടാം പ്രതി വീണ വിജയനാണ്.അതേസമയം, വിജിലൻസ് കേസില്‍ കോടതിയെ സമീപിക്കാനാണ് പിണറായി വിജയന്റെ നീക്കം. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹർജി നല്‍കും. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് ആലോചന. ഇത് സംബന്ധിച്ച നിയമപദേശം പിണറായിക്ക് ലഭിച്ചു. ഉത്തരവിലെ നിരീക്ഷണങ്ങള്‍ നേരിട്ട് ബാധിക്കുന്ന വ്യക്തി എന്ന നിലയിലാണ് കോടതിയെ സമീപിക്കുക. നിലവില്‍ ഷാജഹാൻ നല്കിയ ഹർജിയില്‍ പിണറായി കക്ഷി അല്ല. എഫ്ഐആർ ഇടുന്നതിന് മുമ്പ് കോടതിയെ സമീപിക്കാനായിരുന്നു നീക്കം. ഉത്തരവിലെ നിരീക്ഷണങ്ങള്‍ ലളിതകുമാരി കേസിന് വിരുദ്ധമെന്ന് കോടതിയെ അറിയിക്കും.
മാസപ്പടി-കുഴല്‍പ്പണകേസില്‍ കേസെടുത്ത് വിജിലന്‍സ്: രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു, മാസപ്പടി കേസില്‍ പിണറായി ഒന്നാം പ്രതി
