കൊച്ചി: പാല്‍ക്കുപ്പി കരാറില്‍ മില്‍മക്ക് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. ആദ്യ ടെന്‍ഡര്‍ റദ്ദാക്കി രണ്ടാം ടെന്‍ഡറുമായി മുന്നോട്ടു പോയ മില്‍മയുടെ നടപടി ഹൈക്കോടതി വിലക്കി. കേസില്‍ വിധി വരും വരെ ആര്‍ക്കും കരാര്‍ നല്‍കേണ്ടതില്ലെന്നും നിര്‍ദേശിച്ചു.കരാര്‍ നിഷേധിക്കപ്പെട്ട ക്ലിയര്‍പെറ്റ് കമ്പനി നല്‍കിയ ഹരജിയിലാണ് കോടതി ഇടപെടല്‍. ജവാന്‍ മദ്യത്തിനും മില്‍മയുടെ മലബാര്‍ എറണാകുളം യൂണിറ്റുകള്‍ക്കും കുപ്പി വിതരണം ചെയ്യുന്ന കമ്പനിയാണ് ക്ലിയര്‍പെറ്റ്.എന്നാൽ ക്ലിയർപെറ്റിനെ ഒഴിവാക്കി ഉയര്‍ന്ന നിരക്കില്‍ കുപ്പി വിതരണം ചെയ്യുന്ന തമിഴ്നാട് കമ്പനിക്ക് മൂന്നുമാസത്തോളം മില്‍മ കരാര്‍ നീട്ടിനല്‍കുകയായിരുന്നു.
പാല്‍ക്കുപ്പി വിതരണത്തില്‍ ഏറ്റവും കുറഞ്ഞ വില ക്വാട്ട് ചെയ്ത ക്ലിയര്‍പെറ്റിനോട് തമിഴ്നാട് കമ്പനിക്ക് വിതരണാവകാശം നല്‍കുമോയെന്നും മില്‍മ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ഇമെയിലിന്റെ കോപി മീഡിയവണ്‍ പുറത്തുവിട്ടിരുന്നു.ക്ലിയര്‍പെറ്റ് കമ്പനിക്ക് പൂര്‍ണമായും സപ്ലൈ സാധ്യമാകുമോ എന്ന ആശങ്കയിലാണ് ഈ ആവശ്യം മുന്നോട്ടുവെച്ചതെന്നാണ് മില്‍മ നല്‍കുന്ന വിശദീകരണം.എന്നാല്‍ എറണാകുളത്തെ യൂണിറ്റുകള്‍ക്കായി കഴിഞ്ഞ ഏഴ് വര്‍ഷമായി പലതരം ജാറുകള്‍ വിതരണം ചെയ്യുന്ന കമ്പനിയാണ് ക്ലിയര്‍ പെറ്റ്. ഈ യൂണിറ്റുകള്‍ നല്‍കിയ സാക്ഷ്യപത്രവും കമ്പനി മില്‍മക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു.കമ്പനിയുടെ ഉത്പാദനക്ഷമതിയില്‍ സംശയം ഉന്നയിക്കുന്നതിന് പിന്നില്‍ മറ്റു താത്പര്യങ്ങളുണ്ടെന്നാണ് ആക്ഷേപം. അതേസമയം ടെന്‍ഡര്‍ റദ്ദാക്കിക്കൊണ്ടുള്ള നോട്ടീസില്‍ ഉത്പാദനക്ഷമതയെ കുറിച്ച് പരാമര്‍ശമില്ല.എന്നാല്‍ തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിപിഐ സ്‌കൈപെറ്റ് എന്ന കമ്പനിയുടെ കരാര്‍ ഏപ്രിലിന് മുമ്പെ കഴിഞ്ഞിട്ടും മില്‍മ അവരില്‍ നിന്നുതന്നെ കുപ്പി വാങ്ങുകയായിരുന്നു.
