പുതിയ സെക്രട്ടറിയറ്റ് നിർമാണത്തിനെതിരായ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ : പുതിയ സെക്രട്ടറിയറ്റ് നിർമിക്കാനുള്ള തമിഴ്നാട് സർക്കാർ തീരുമാനത്തിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഹർജിയുടെ നിയമപരമായ നിലനിൽപ്പും അടിസ്ഥാനവും കോടതി ചോദ്യം ചെയ്തതിന് പിന്നാലെ ഹർജിക്കാരൻ പിന്മാറുകയായിരുന്നു. അഭിഭാഷകനായ ആർ എസ് തമിഴ്‌വേന്തനാണ് ഹർജി നൽകിയത്. ഫോർഷോർ എസ്റ്റേറ്റിൽ പുതിയ സെക്രട്ടറിയറ്റ് നിർമിക്കാനുള്ള സർക്കാർ നീക്കം പൊതുപണം പാഴാക്കുന്നതാണ്. ഏകദേശം 1200 കോടി രൂപ ചെലവിൽ നിർമിക്കുന്ന സെക്രട്ടറിയറ്റ് പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ താൽപര്യങ്ങളെ ബാധിക്കുമെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു.എന്നാൽ, ഒരു പ്രത്യേക സ്ഥലത്ത് സർക്കാർ കെട്ടിടം നിർമിക്കരുതെന്ന് നിർദേശിക്കാൻ കോടതിക്ക് എന്ത് അധികാരമാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ധർമാധികാരി, ജസ്റ്റിസ് ജി അരുള്‍മുരുകൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. പുതിയ സെക്രട്ടറിയറ്റ് നിർമിക്കുമ്പോൾ പൊതുപണം എങ്ങനെയാണ് പാഴാകുന്നതെന്ന് വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.2011ൽ സെക്രട്ടറിയറ്റ് മാറ്റുന്നതിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയ കാര്യവും ചൂണ്ടിക്കാട്ടി. ഈ വിഷയത്തിലെ ഹർജി 2022ൽ സുപ്രീംകോടതി പരിഗണിക്കാതിരുന്നത് നയപരമായ തീരുമാനങ്ങളിൽ കോടതിയുടെ ഇടപെടലിന്റെ പരിധിയെന്തെന്ന് ചൂണ്ടിക്കാണിക്കുന്നതായി ബെഞ്ച് പരാമർശിച്ചു.ഹർജിയ്ക്കൊപ്പം ആവശ്യമായ രേഖകളും വിശദാംശങ്ങളും ഇല്ലെന്നും കോടതി വിമർശിച്ചു. ഇത്തരം ഹർജികൾക്ക് ഇനിമുതൽ ഫീസ് ചുമത്തേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഇതോടെ ഹർജി പിൻവലിക്കാൻ ഹർജിക്കാരൻ അനുമതി തേടുകയായിരുന്നു. തുടർന്ന് കോടതി ഹർജി പിൻവലിച്ചതായി കണക്കാക്കി കേസ് തള്ളുകയായിരുന്നു.അതേസമയം, പുതിയ സെക്രട്ടറിയറ്റ് നിർമാണത്തെ ചോദ്യം ചെയ്യുന്ന മറ്റൊരു ഹർജിയും മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ആവശ്യമായ പാരിസ്ഥിതിക അനുമതികളും വിവിധ വകുപ്പുകളുടെ അംഗീകാരവും ലഭിച്ചിട്ടില്ല. സെക്രട്ടറിയറ്റ് നിർമാണം ഫോർഷോർ എസ്റ്റേറ്റ് പ്രദേശത്തെ ഗതാഗതത്തെയും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും ബാധിക്കുമെന്നും ഹർജിയിൽ ആരോപണമുണ്ട്. എന്നാൽ ഈ ഹർജിയിൽ കോടതി അന്തിമ തീരുമാനമെടുത്തിട്ടില്ല.

. 

Leave a Reply

Your email address will not be published. Required fields are marked *