എറാണാകുളം:ശബരിമല തീർഥാടന കാലത്ത് കുടിവെള്ള വിതരണം തടസമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പമ്പയിലെയും സന്നിധാനത്തേക്കുമുള്ള വഴിയിലെയും ജലവിതരണ പമ്പ് ഹൗസുകളുടെ (ബൂസ്റ്റർ സ്റ്റേഷനുകൾ) സുരക്ഷയും ഘടനാപരമായ ക്ഷമതയും അടിയന്തരമായി പരിശോധിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം.ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്. പരിശോധനയുടെ അടിസ്ഥാനത്തിൽ ആവശ്യമായ അറ്റകുറ്റപ്പണികളും ബലപ്പെടുത്തൽ നടപടികളും മറ്റ് അവശ്യ ജോലികളും കണ്ടെത്തി വേഗത്തിൽ പൂർത്തിയാക്കണമെന്ന് കോടതി വ്യക്തമാക്കി. വരാനിരിക്കുന്ന തീർഥാടന കാലത്ത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ കുടിവെള്ള വിതരണം സുഗമമാക്കാൻ ഈ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കി നിലനിർത്തേണ്ടത് അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.കേസ് ഒക്ടോബർ ഏഴിന് വീണ്ടും പരിഗണിക്കും. ഇതിനിടെ 2026-27 തീർഥാടന കാലയളവിൽ ബൂസ്റ്റർ സ്റ്റേഷനുകൾ സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് കേരള വാട്ടർ അതോറിറ്റിയിൽ നിന്നും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിൽ നിന്നും വിശദമായ വിവരങ്ങൾ ലഭ്യമാക്കാൻ സ്പെഷ്യൽ ഗവൺമെൻ്റ് പ്ലീഡർക്ക് കോടതി നിർദേശം നൽകി. 2027ലെ മകരവിളക്ക് പൂജയ്ക്ക് ശേഷം നടത്താൻ ഉദ്ദേശിക്കുന്ന സമഗ്രമായ പുനർനിർമാണത്തിന് മുന്നോടിയായി ഇപ്പോൾ അടിയന്തരമായി ചെയ്യാൻ കഴിയുന്ന പ്രവൃത്തികൾ എന്തൊക്കെയെന്ന് അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.ഹൈക്കോടതിയുടെ സ്വമേധയാ ഉള്ള ഇടപെടൽശബരിമലയിലേക്ക് വെള്ളം എത്തിക്കുന്ന നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ പ്രധാന ബൂസ്റ്റർ സ്റ്റേഷനുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് പുതിയ ഇടപെടൽ.പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ബൂസ്റ്റർ സ്റ്റേഷനുകളിൽ വിശദമായ പരിശോധന നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. നിലവിലെ കെട്ടിടങ്ങൾ പൂർണമായി പൊളിച്ചുപണിയേണ്ടതുണ്ടോ അതോ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി 2026-27 തീർഥാടന കാലയളവിലെങ്കിലും സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ പ്രാഥമിക വിലയിരുത്തൽ നടത്തി ഉദ്യോഗസ്ഥൻ വ്യക്തമാക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.ബൂസ്റ്റർ സ്റ്റേഷനുകളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താൻ 3.86 കോടി രൂപ ആവശ്യമാണെന്നും സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചാൽ മാത്രമേ പ്രവൃത്തികൾ തുടങ്ങാൻ കഴിയൂ എന്നും കേരള വാട്ടർ അതോറിറ്റി കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. സെപ്റ്റംബർ രണ്ടിന് ചേർന്ന യോഗത്തിൽ 2027ലെ മകരവിളക്ക് പൂജയ്ക്ക് ശേഷം ശബരിമല നട അടച്ചാൽ മാത്രമേ അറ്റകുറ്റപ്പണികൾ ആരംഭിക്കൂ എന്ന് തീരുമാനിച്ചതായും വാട്ടർ അതോറിറ്റി കോടതിയെ അറിയിച്ചു. പ്രവൃത്തികൾ പൂർത്തിയാക്കാൻ ആറുമാസം സമയം വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
ഉദ്യോഗസ്ഥരുടെ യോഗതീരുമാനത്തിൽ നിന്ന് 2027ലെ മകരവിളക്കിന് ശേഷം മാത്രമേ ബൂസ്റ്റർ സ്റ്റേഷനുകളുടെ സമഗ്രമായ അറ്റകുറ്റപ്പണികളും പുനർനിർമാണവും നടക്കൂ എന്നാണ് മനസ്സിലാക്കുന്നതെന്ന് കോടതി വ്യക്തമാക്കി. എന്നാൽ വരാനിരിക്കുന്ന 2026-2027 തീർഥാടന കാലത്ത് ബൂസ്റ്റർ സ്റ്റേഷനുകളുടെ തുടർച്ചയായ പ്രവർത്തനം ഉറപ്പാക്കുക എന്നത് അത്രതന്നെ പ്രാധാന്യമുള്ള കാര്യമാണെന്നും ബെഞ്ച് ഓർമിപ്പിച്ചു.ലക്ഷക്കണക്കിന് തീർഥാടകർ എത്തുന്ന മണ്ഡല മകരവിളക്ക് കാലത്ത് മലകയറുന്ന ഭക്തർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിൽ നീലിമലയിലെയും അപ്പാച്ചിമേട്ടിലെയും പമ്പ് ഹൗസുകൾക്ക് നിർണായക പങ്കാണുള്ളത്. അതിനാൽ ഈ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന കർശന നിലപാടിലാണ് ഹൈക്കോടതി
