ഡൽഹി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ പെൺകുട്ടിയുടെ ജനനത്തീയതി തിരുത്തി പുതുക്കിയ ജനന സർട്ടിഫിക്കറ്റ് നൽകിയ മധ്യപ്രദേശ് സർക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. 2008 ജനുവരി ഒന്നെന്ന ജനനത്തീയതി 2009 ഡിസംബർ 30 എന്നാക്കി മാറ്റിയാണ് പുതിയ സർട്ടിഫിക്കറ്റ് നൽകിയത്.പെൺകുട്ടിയുടെ പിതാവ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു പുതിയ ജനന സർട്ടിഫിക്കറ്റ് അനുവദിച്ചത്. എന്നാൽ ജനനത്തീയതി മാറ്റുന്നതിന് മുമ്പ് പെൺകുട്ടിക്ക് നോട്ടീസ് നൽകുകയോ അവളുടെ വാദം കേൾക്കുകയോ ചെയ്തിരുന്നില്ല. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കിയത്.ജനനത്തീയതിയിലെ മാറ്റം വോട്ടവകാശം ഉൾപ്പെടെയുള്ള വ്യക്തിയുടെ വിവിധ നിയമപരമായ അവകാശങ്ങളെ ബാധിക്കാമെന്നും കോടതി നിരീക്ഷിച്ചു. പെൺകുട്ടിയുടെ വാദം കൂടി കേട്ട ശേഷം വിഷയത്തിൽ പുതുതായി തീരുമാനമെടുക്കാനാണ് കോടതി നിർദേശിച്ചത്. ജസ്റ്റിസ് ഗജേന്ദ്ര സിംഗ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.കഴിഞ്ഞ മാർച്ച് 11നാണ് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടന്നത്. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ് മാത്രമായിരുന്നുവെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷന്റെ അന്വേഷണത്തിലെ കണ്ടെത്തൽ.മഹേശ്വർ സർക്കാർ ആശുപത്രിയിലെ ജനന സർട്ടിഫിക്കറ്റിൽ പെൺകുട്ടി 2009 ഡിസംബർ 30ന് വൈകിട്ട് 5.50ന് ജനിച്ചതായാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ തിരുവനന്തപുരത്ത് പൊലീസിന് മുമ്പാകെ ഹാജരാക്കിയ രേഖകളിൽ ജനനത്തീയതി 2008 ജനുവരി ഒന്നായിരുന്നു. പെൺകുട്ടി സമർപ്പിച്ച ജനന സർട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കിയതാണെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷന്റെ ആരോപണം.
കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: പുതുക്കിയ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി
