അനധികൃത പണപ്പിരിവും സ്വത്ത് സമ്പാദനവും നടത്തുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കൊച്ചി ജി.എസ്.ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ ഓഫീസിലും വസതികളിലും വിജിലൻസ് മിന്നല്‍ പരിശോധന നടത്തി.തേവരയിലുള്ള ജി.എസ്.ടി ജോയിന്റ് കമ്മീഷണർ ഓഫീസിലും പ്രജനി രാജന്റെ പച്ചാളത്തുള്ള രണ്ട് വീടുകളിലുമായിരുന്നു പരിശോധന.റെയ്ഡില്‍ കണക്കില്‍ പെടാത്ത 14 ലക്ഷം രൂപയും 788 യു.എസ് ഡോളറും വിജിലൻസ് പിടിച്ചെടുത്തു. ശനിയാഴ്ച രാവിലെ ആരംഭിച്ച പരിശോധന രാത്രി ഒൻപത് മണിയോടെയാണ് അവസാനിച്ചത്. വിജിലൻസ് സ്പെഷ്യല്‍ സെല്‍ എസ്.പി എം.ജെ. സോജൻ, ഡിവൈ.എസ്.പി എ.എല്‍. യേശുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയില്‍ നിന്ന് വാറന്റ് വാങ്ങിയ ശേഷമാണ് റെയ്ഡിനെത്തിയത്.കൊച്ചിയിലെ പ്രമുഖ ബാർ ഹോട്ടലുകളിലെ ജി.എസ്.ടി ഇടപാടുകളുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകള്‍ നടത്തിയതായി വിജിലൻസിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. 2014 മുതല്‍ 2024 വരെയുള്ള പത്ത് വർഷക്കാലയളവില്‍ രണ്ടേമുക്കാല്‍ കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അനധികൃത സ്വത്ത് സമ്പാദനമെന്ന് പരാതി: കൊച്ചിയില്‍ GST ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും വീടുകളിലും വിജിലൻസ് റെയ്ഡ്; 14 ലക്ഷം രൂപയും US ഡോളറും പിടിച്ചെടുത്തു
