ഡല്‍ഹി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പെറ്റമ്മ കുഞ്ഞിനെ ദത്തു നല്‍കുന്നത് കുട്ടിക്കച്ചവടമായി കാണാനാകില്ലെന്ന് വ്യക്തമാക്കി തെലങ്കാനയിലെ രണ്ടു വയസ്സുകാരന്റെ കസ്റ്റഡി ദമ്പതികള്‍ക്ക് വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്.മറ്റ് കുട്ടികളുമായി ബന്ധപ്പെട്ട അന്തര്‍സംസ്ഥാന മനുഷ്യക്കടത്ത് കേസിന്റെ അന്വേഷണത്തെ ഈ ഉത്തരവ് ബാധിക്കില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി.2024 ഏപ്രിലില്‍ ജനിച്ചയുടന്‍ സാമ്പത്തിക പ്രതിസന്ധിയിലായ സിംഗിള്‍ മദര്‍ കുഞ്ഞിനെ ഒരു ദമ്പതികള്‍ക്ക് കൈമാറുകയായിരുന്നു. കുട്ടിക്ക് ആവശ്യമായ വാക്‌സിനേഷനുകള്‍ നല്‍കിയും ആദ്യ ജന്മദിനം ആഘോഷിച്ചും ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയും ദമ്പതികള്‍ കുഞ്ഞിനെ പരിചരിച്ചുപോന്നു.എന്നാല്‍, 2025 ഫെബ്രുവരിയില്‍ ശിശുക്ഷേമ സമിതി കുഞ്ഞിനെ ദമ്പതികളില്‍ നിന്ന് ബലമായി പിടിച്ചെടുത്തു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ദമ്പതികള്‍ സുപ്രീം കോടതിയിലെത്തിയത്.സാമ്പത്തികമായി പ്രയാസപ്പെടുന്ന ഒരു അമ്മ കുഞ്ഞിനെ പോറ്റാന്‍ കഴിയാതെ ദത്ത് നല്‍കുന്നത് കൊണ്ട് മാത്രം അത് കുട്ടിക്കച്ചവടമാണെന്ന് അനുമാനിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.കുഞ്ഞിനെ ദമ്പതികള്‍ വളരെ ഉത്തരവാദിത്തത്തോടെയാണ് പരിപാലിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി, ഹൈദരാബാദിലെ ‘ശിശു ഗൃഹ’യില്‍ കഴിയുന്ന കുട്ടിയെ ദമ്പതികള്‍ക്ക് കൈമാറാന്‍ നിര്‍ദേശിച്ചു.അതേസമയം, ഇത് വെറുമൊരു കസ്റ്റഡി തര്‍ക്കമല്ലെന്നും വന്‍തോതിലുള്ള അന്തര്‍സംസ്ഥാന ശിശുക്കടത്ത് ശൃംഖലയുടെ ഭാഗമാണെന്നും തെലങ്കാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 6 ലക്ഷം രൂപ നല്‍കിയാണ് ദമ്പതികള്‍ കുഞ്ഞിനെ വാങ്ങിയതെന്നും ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ച് കിടക്കുന്ന തട്ടിപ്പാണിതെന്നും സര്‍ക്കാര്‍ വാദിച്ചു.എന്നാല്‍ നിലവിലെ ഉത്തരവ് ഈയൊരു കുഞ്ഞിന്റെ വിഷയത്തില്‍ മാത്രമാണെന്നും, കടത്തപ്പെട്ട മറ്റ് കുട്ടികളുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളെ ഇത് ബാധിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. 2012-ല്‍ വിവാഹിതരായി 12 വര്‍ഷമായി കുട്ടികളില്ലാതിരുന്ന തങ്ങള്‍ക്ക് കുഞ്ഞിനെ അമ്മ സ്വമേധയാ ദത്തുനല്‍കിയതാണെന്ന ദമ്പതികളുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.
സാമ്പത്തിക ബാധ്യത മൂലം കുഞ്ഞിനെ ദത്തു നൽകുന്നത് മനുഷ്യക്കച്ചവടമല്ലെന്ന് സുപ്രീം കോടതി
