ന്യൂഡൽഹി ∙ ‘എറണാകുളത്തപ്പന് ഒരടി മണ്ണ്’ എന്ന പദ്ധതിയിലൂടെ സമാഹരിച്ച പണം കൊണ്ടു വാങ്ങിയ ഭൂമി, എറണാകുളം ശിവക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ നിക്ഷിപ്തമാണെന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. ഭഗവാന്റെ പേരിൽ പിരിവ് നടത്തി വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം ഭഗവാനാണെന്നും വാദത്തിനിടെ ജഡ്ജിമാരായ സതീഷ് ചന്ദ്ര ശർമ, എൻ.കെ. സിങ് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ക്ഷേത്രസംരക്ഷണ സമിതി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് പരാമർശം. ഭരണനിർവഹണം കൊച്ചിൻ ദേവസ്വം ബോർഡാണ് നടത്തേണ്ടതെന്നു വ്യക്തമാക്കിയ ഹൈക്കോടതിയും നേരത്തേ സമാന നിരീക്ഷണം നടത്തിയിരുന്നു.എറണാകുളം ശിവക്ഷേത്രത്തോടു ചേർന്നുള്ള എറണാകുളത്തപ്പൻ ഗ്രൗണ്ടിന്റെ ഭാഗമായ 1.18 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടതാണ് കേസ്. തൃപ്പൂണിത്തുറ പാലസ് അഡ്മിനിസ്ട്രേഷൻ ബോർഡിന്റെ ഉടമസ്ഥതയിലായിരുന്ന ഭൂമി പിന്നീട് കൊച്ചി കോർപറേഷൻ ഏറ്റെടുത്തു. 2000ൽ 3.75 കോടി രൂപയ്ക്കു ഭൂമി ദേവസ്വം ബോർഡിനു വിൽക്കാൻ കോർപറേഷൻ തീരുമാനിച്ചു. ഭൂമി വാങ്ങാൻ പണമില്ലാതെ വന്നതോടെയാണ് എറണാകുളത്തപ്പന് ഒരടി മണ്ണ് എന്ന പദ്ധതി വഴി സമാഹരിച്ച പണം കൊണ്ട് ഇതു വാങ്ങിയത്
2013ലെ വിൽപന ആധാരപ്രകാരം തങ്ങൾക്കും ഉടമസ്ഥാവകാശം ലഭിച്ചിരുന്നു എന്നായിരുന്നു സമിതി വാദിച്ചത്. സമിതിക്കായി വി. ഗിരി, കെ. പരമേശ്വർ എന്നിവരും കൊച്ചിൻ ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ പി.എൻ. രവീന്ദ്രൻ, സ്റ്റാൻഡിങ് കൗൺസൽ പി.എസ്. സുധീർ എന്നിവരും ഹാജരായി
