ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹർജി ഒഡീഷ സർക്കാർ തള്ളി.ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ് സെന്റൻസ് റിവ്യൂ ബോർഡാണ് ഹരജി നിരസിച്ചത്. ഇക്കാര്യം ഒഡീഷ സർക്കാർ ഇന്ന് സുപ്രിംകോടതിയെ അറിയിച്ചു.ഹരജി തള്ളിയ സാഹചര്യത്തില്‍ സുപ്രിംകോടതി കേസ് മൂന്നാഴ്ചത്തേക്ക് മാറ്റി. ജയില്‍ മോചന ഹരജി തള്ളിയ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹരജിയില്‍ ആവശ്യമായ ഭേദഗതി വരുത്താൻ ദാരാ സിങ്ങിന് കോടതി അനുമതി നല്‍കി. ജസ്റ്റിസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.1999 ജനുവരി 22-23 രാത്രിയിലാണ് ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ മനോഹർപുർ ഗ്രാമത്തില്‍ ഗ്രഹാം സ്റ്റെയിൻസും മക്കളായ ഫിലിപ്പും തിമോത്തിയും വാഹനത്തില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ആക്രമിക്കപ്പെട്ടത്. മൂന്നുപേരെയും കാറിലിട്ട് പെട്രോളൊഴിച്ച് ചുട്ടുകൊല്ലുകയായിരുന്നു. കേസില്‍ 2003ല്‍ വിചാരണക്കോടതി ദാരാ സിങ്ങിന് വധശിക്ഷ വിധിച്ചു. 2005ല്‍ ഒഡീഷ ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 2011ല്‍ സുപ്രിംകോടതി ഇത് ശരിവെച്ചു.25 വർഷത്തിലേറെ ജയില്‍വാസം പൂർത്തിയാക്കിയ സാഹചര്യത്തില്‍ ഒഡീഷയുടെ നിലവിലെ ശിക്ഷാ ഇളവ് നയപ്രകാരം മോചനം പരിഗണിക്കണമെന്നായിരുന്നു ദാരാ സിങ്ങിന്റെ ആവശ്യം. 2024ലാണ് ഇയാള്‍ സുപ്രിംകോടതിയെ സമീപിച്ചത്. കുറ്റം ചെയ്തത് യുവത്വത്തിലെ ക്ഷോഭത്തിലായിരുന്നുവെന്നും ഇപ്പോള്‍ പശ്ചാത്തപിക്കുന്നുവെന്നും ഹരജിയില്‍ അവകാശപ്പെട്ടിരുന്നു.ഹരജിയില്‍ തീരുമാനം എടുക്കുന്നത് ഒഡീഷ സർക്കാർ പലതവണ വൈകിപ്പിച്ചതിനെ സുപ്രിംകോടതി നേരത്തെ വിമർശിച്ചിരുന്നു. സെപ്റ്റംബർ എട്ടിന് നടന്ന വാദത്തിനിടെ തീരുമാനം വൈകിയാല്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടർന്ന് സെപ്റ്റംബർ 17ന് മുമ്പ് തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചു.സ്റ്റേറ്റ് സെന്റൻസ് റിവ്യൂ ബോർഡ് ആഗസ്റ്റ് 31ന് ചേർന്ന് ഹരജി നിരസിക്കുകയായിരുന്നു. ദാരാ സിങ്ങിന്റെ മോചനം സാമൂഹിക പ്രത്യാഘാതങ്ങള്‍ക്കും സാമുദായിക സംഘർഷത്തിനും ഇടയാക്കാൻ സാധ്യതയുണ്ടെന്നതടക്കമുള്ള കാര്യങ്ങള്‍ ബോർഡ് പരിഗണിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയില്‍ മോചന ഹർജി തള്ളി ഒഡീഷ സര്‍ക്കാര്‍
