ന്യൂഡൽഹി : 15 വയസ്സുള്ള ബലാത്സംഗ അതിജീവിതയുടെ 30 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി. ലൈംഗികാതിക്രമത്തെ തുടർന്ന് ഉണ്ടായ ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള പെൺകുട്ടിയുടെ അവകാശത്തെ ഹനിക്കുമെന്ന് കോടതി വ്യക്തമാക്കി. 15 വയസ്സുള്ള പെൺകുട്ടിയെ, ലൈംഗിക അതിക്രമത്തിന്റെ ഫലമായി ഗർഭിണിയായതിനാൽ മാത്രം ‘അമ്മ’ എന്ന നിലയിലേക്ക് ചുരുക്കിക്കാണാനാകില്ലെന്നും കോടതി പറഞ്ഞു. ലൈംഗികാതിക്രമത്തിനിരയായി ഗർഭിണിയായതിന്റെ മാനസിക ആഘാതത്തിനൊപ്പം പെൺകുട്ടിക്ക് മാതാപിതാക്കളെയും നഷ്ടപ്പെട്ടതായി കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ക്ഷേമത്തിനും താൽപര്യത്തിനും ഭരണഘടനാപരമായ പരിഗണന നൽകേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.ഗർഭഛിദ്രത്തിനുള്ള നിയമപരമായ സാധാരണ കാലപരിധി കഴിഞ്ഞിരുന്നെങ്കിലും, അതിനെ മാത്രം അടിസ്ഥാനമാക്കി അപേക്ഷ തള്ളാനാകില്ലെന്ന് ജസ്റ്റിസ് മധു ജെയിൻ നിരീക്ഷിച്ചു. ശരീരസ്വാതന്ത്ര്യം, അന്തസ്, പ്രസവവുമായി ബന്ധപ്പെട്ട സ്വയംനിർണയാവകാശം എന്നിവയ്ക്കൊപ്പം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ താൽപര്യവും പരിഗണിക്കണമെന്ന് കോടതി പറഞ്ഞു. ഗർഭം തുടരുന്നത് കൂടുതൽ ശാരീരിക-മാനസിക ആഘാതങ്ങൾ ഉണ്ടാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.ലേഡി ഹാർഡിങ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്രയും വേഗം ഗർഭച്ഛിദ്രത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യാനും നടപടിക്കുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കാനും കോടതി നിർദേശിച്ചു. ക്രിമിനൽ കേസിലെ ഡിഎൻഎ പരിശോധനയ്ക്കായി ഭ്രൂണ വസ്തു സൂക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്റ്റിലെ സെക്ഷൻ 3 പ്രകാരം, നിയമപരമായ നിബന്ധനകൾക്ക് വിധേയമായി 20 ആഴ്ചയ്ക്കു ശേഷവും 24 ആഴ്ച വരെയും ഗർഭഛിദ്രം നടത്തുന്നതിന് അനുവാദമുണ്ട്.
ഗർഭിണിയായതുകൊണ്ട് മാത്രം ‘അമ്മ’യായി കണക്കാക്കാനാവില്ല; 15കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി ഡൽഹി ഹൈക്കോടതി
