ഭര്‍ത്താവ് മരിക്കുന്നതിന് മുമ്പ് ശീതീകരിച്ച് സൂക്ഷിച്ച ബീജം ഉപയോഗിച്ച് ഗര്‍ഭധാരണം നടത്താന്‍ യുവതിക്ക് അനുമതി നല്‍കി ഹൈക്കോടതി ഉത്തരവിട്ടു.2021 മാര്‍ച്ചില്‍ ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന്, വന്ധ്യതാചികിത്സയ്ക്കായി സൂക്ഷിച്ചിരുന്ന ഭ്രൂണം കൃത്രിമ ഗര്‍ഭധാരണത്തിന് വിട്ടുനല്‍കാന്‍ മടിച്ച തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയുടെ തീരുമാനത്തിനെതിരെ ആലപ്പുഴ ചെറിയനാട് സ്വദേശിയായ 43-കാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്റെ ഈ നിർണായക ഉത്തരവ്.അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (റെഗുലേഷൻ) ആക്‌ട് അനുസരിച്ച് ഭര്‍ത്താവിന്റെ രേഖാമൂലമുള്ള പ്രത്യേക അനുമതിയില്ലാതെ ഭ്രൂണം ഉപയോഗിക്കാനാവില്ലെന്നായിരുന്നു ആശുപത്രിയുടെ നിലപാട്.എന്നാല്‍ ഭ്രൂണം ശീതീകരിച്ച് സൂക്ഷിക്കുന്ന സമയത്ത് പങ്കാളിയുടെ മരണശേഷം അത് എങ്ങനെ ഉപയോഗിക്കണമെന്ന് വ്യക്തമാക്കി തിരഞ്ഞെടുക്കാൻ മൂന്ന് ഓപ്ഷനുകളുണ്ട്: ജീവിച്ചിരിക്കുന്ന പങ്കാളിക്ക് നല്‍കുക, ഗവേഷണത്തിന് ഉപയോഗിക്കുക, അല്ലെങ്കില്‍ നശിപ്പിച്ചു കളയുക. ദമ്പതികള്‍ പൂരിപ്പിച്ചു നല്‍കേണ്ട കൃത്യമായ അപേക്ഷാഫോം നല്‍കുന്നതില്‍ ആശുപത്രി അധികൃതർക്ക് സംഭവിച്ച വീഴ്ചയുടെ പേരില്‍ താൻ ശിക്ഷിക്കപ്പെടരുതെന്ന് ഹർജിക്കാരി വാദിച്ചു.ഭർത്താവിന്റെ എഴുതിത്തയ്യാറാക്കിയ അനുമതിയില്ലാതെ മരണശേഷം ഭ്രൂണം കൈമാറുന്നത് നിയമപരവും ധാർമികവുമായ സങ്കീർണതകള്‍ക്ക് വഴിവെക്കുമെന്നും സ്വത്തുതർക്കങ്ങള്‍ക്ക് കാരണമാകുമെന്നും കേന്ദ്ര സർക്കാർ വാദിച്ചു. എന്നാല്‍, കുഞ്ഞുണ്ടാകണമെന്നത് ഭർത്താവിന്റെയും യഥാർത്ഥ ആഗ്രഹമായിരുന്നുവെന്ന് വിലയിരുത്തിയ കോടതി, അമ്മയാകാനുള്ള യുവതിയുടെ അവകാശത്തിനും ആഗ്രഹത്തിനും മുൻതൂക്കം നല്‍കി ഭ്രൂണം വിട്ടുനല്‍കാൻ ഉത്തരവിടുകയായിരുന്നു.
ശീതീകരിച്ച ഭ്രൂണം വിട്ടുനല്‍കാതെ ആശുപത്രി, മരിച്ച ഭര്‍ത്താവിന്റെ ബീജം ഉപയോഗിച്ച് ഗര്‍ഭധാരണത്തിന് യുവതിക്ക് അനുമതി നല്‍കി കോടതി
