ചെക്ക് കേസില്‍ തടവ് ശിക്ഷ ശിക്ഷിക്കപ്പെട്ട പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും നോട്ടീസ് അയച്ച് ഹൈക്കോടതി.സ്പീക്കറും ചീഫ് സെക്രട്ടറിയും മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും.ചെക്ക് കേസില്‍ മുംബൈ ബോറിവലി മജിസ്ടേറ്റ് കോടതി തടവിന് ശിക്ഷിച്ച മാണി സി കാപ്പനെ ജനപ്രാതിനിധ്യ നിയമ പ്രകാരം അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടാണ് മുബൈ സ്വദേശിയായ പരാതിക്കാരന്റെ ഹർജി. ഹർജി തീർപ്പാക്കുന്നത് വരെ എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ മാണി സി കാപ്പന് തടയണമെന്നും പരാതിക്കാരന് ആവശ്യപ്പെട്ടു. മാണി സി കാപ്പനെതിരെ നാല് കേസുകളിലായി മൂന്നര വർഷമാണ് പ്രത്യേകം പ്രത്യേകം തടവ് ശിക്ഷ വിധിച്ചത്. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായി ആണ് ഹർജി നല്‍കിയത്. സെപ്റ്റംബർ ഒന്ന് മുതല്‍ മാണി സി കാപ്പൻ അയോഗ്യനാണ് എന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് നിയമസഭ സ്പീക്കർക്ക് കത്ത് നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിക്കാരന് ഹര്‍ജിയില്‍ പറയുന്നു.
മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജി; തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും നോട്ടീസ് അയച്ച് ഹൈക്കോടതി
