താൻ വാങ്ങി നല്കിയ സമ്മാനത്തിന്റെ തുകയായ കോടികള്‍ തിരിച്ചുപിടിക്കാനായി മുൻ കാമുകിക്കെതിരെ കേസ് കൊടുത്ത സിംഗപ്പൂർ ടി.സി.ഐ എക്സ്പ്രസ് (TCI Express) സി.ഇ.ഒ ചന്ദർ അഗർവാള്‍ കേസ് തോറ്റു.മുൻ കാമുകിയായ ഫെലിസിയ ലീയുമായുള്ള നിയമപോരാട്ടത്തിലാണ് അഗർവാള്‍ പരാജയപ്പെട്ടത്. 370,000 ഡോളർ തിരിച്ചുപിടിക്കാൻ നല്കിയ കേസാണ് സിംഗപ്പൂർ ഹൈക്കോടതി തള്ളിയത്. ഡയറക്ടർ നല്കിയ പരാതി അനുസരിച്ച്, ആഡംബര ബ്രാൻഡുകളായ ഹെർമെസ്, ഡിയോർ, പ്രാഡ എന്നിവയില്‍ നിന്നുള്ള സമ്മാനങ്ങള്‍, വിമാന ടിക്കറ്റുകള്‍, ലൈഫ് ഇൻഷുറൻസ് പ്രീമിയം എന്നിവയ്ക്കായി ചെലവഴിച്ച തുക വായ്പയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍, സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പുറത്താണ് സമ്മാനങ്ങള്‍ നല്‍കിയതെന്ന് പറഞ്ഞാണ് ഫെലിസിയ ഇതിനെ പ്രതിരോധിച്ചത്.2019 -ല്‍ ഒരു വിമാനയാത്രയിലാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലായ ഇവർ 2023 -ല്‍ ബന്ധം അവസാനിപ്പിച്ചിരുന്നു. കാമുകി ചതിച്ചതായി സംശയിച്ചതിനെ തുടർന്നാണ് ബന്ധം തകർന്നത്. തുടർന്ന് 2024 മാർച്ചിലാണ് അഗർവാള്‍ തുക തിരിച്ചുചോദിച്ച് കോടതിയെ സമീപിച്ചത്. എന്നാല്‍, ബന്ധം തകർന്നതിലുള്ള അമർഷം കാരണമാണ് അഗർവാള്‍ ഇപ്പോള്‍ പണം തിരിച്ചുചോദിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളിലോ മറ്റോ ഇതൊരു വായ്പയാണെന്ന് തെളിയിക്കുന്ന യാതൊരുവിധ രേഖകളും ഹാജരാക്കാൻ ഇയാള്‍ക്ക് കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. വിപുലമായ സാമ്പത്തിക ശേഷിയുള്ള അഗർവാള്‍ കാമുകിയെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്കി സന്തോഷിപ്പിക്കുകയായിരുന്നുവെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാണിച്ചു.
മുൻ കാമുകിക്ക് കോടികളുടെ സമ്മാനം നല്കി, പിരിഞ്ഞപ്പോള്‍ കാശ് വേണമെന്ന് കേസ്, സിഇഒയ്ക്ക് പരാജയം
