‘കോടതി നിയമനടപടികള്‍ തന്നെ ശിക്ഷയായി മാറി’; ഉമര്‍ ഖാലിദിന്റെ കേസ് ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി മുൻ സുപ്രീംകോടതി ജഡ്ജി

രാജ്യത്തെ നീതിന്യായ വ്യവസ്ഥയെക്കുറിച്ചും വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും രൂക്ഷ വിമർശനവുമായി മുൻ സുപ്രിംകോടതി ജഡ്ജി ദീപക് ഗുപ്ത.2020ലെ ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിയുന്ന വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ ദീർഘകാല തടങ്കല്‍, എല്‍ഗാര്‍ പരിഷദ് കേസ്, സോനം വാങ്ചുങിന്റെ തടങ്കല്‍ എന്നീ കേസുകള്‍ എടുത്തുപറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഈ കേസുകളിലെ കോടതിയുടെ നിയമനടപടികള്‍ തന്നെ ശിക്ഷയായി മാറിയിരിക്കുന്നതായും അദ്ദേഹം വിമർശിക്കുന്നു.ദി ട്രിബ്യൂണ്‍ പത്രത്തില്‍ എഴുതിയ ‘ദി ട്രൂ മീനിങ് ഓഫ് ഫ്രീഡം’ എന്ന ലേഖനത്തിലാണ് നീതിന്യായ വ്യവസ്ഥയെയും കോടതികളെയും വിമർശിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയത്. ആളുകളെ ദേശവിരുദ്ധർ എന്ന് മുദ്രകുത്തി വിചാരണ കൂടാതെ വർഷങ്ങളോളം തടവിലിട്ട് അവരുടെ ജീവിതം തകർക്കുകയാണെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയെങ്കിലും ഇപ്പോഴും നമ്മുക്ക് യഥാർഥ സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്നും ഭയമില്ലാതെ ചിന്തിക്കാനും സംസാരിക്കാനും വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനും ജാതി-മത ഭേദമന്യേ തുല്യ അവസരങ്ങള്‍ ലഭിക്കുമ്പോഴുമാണ് ഒരു രാജ്യം യഥാർഥത്തില്‍ സ്വതന്ത്രമാകുന്നതെന്നും ലേഖനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നീതിക്ക് വേണ്ടി നിലകൊണ്ട് അതീതിക്കെതിരെ പടപൊരുതാൻ നട്ടെല്ലുള്ള ന്യായാധിപന്മാർ ഉണ്ടായിരിക്കണമെന്നും എങ്കില്‍ മാത്രമേ നീതി പുലരുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു.ഭരണഘടനയുടെ ആർട്ടിക്കിള്‍ 21 ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യം ലംഘിക്കപ്പെടുമ്പോള്‍ പലപ്പോഴും ഉന്നത കോടതികള്‍ പോലും നോക്കുകുത്തികളാകുന്നുവെന്നും ജയിലിലുള്ളവരില്‍ വലിയൊരു വിഭാഗവും വിചാരണ പൂര്‍ത്തിയാകാത്ത ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെയേല്ലാം തെളിവായി ഉമർ ഖാലിദിന്റെ കേസ് അദ്ദേഹം ചൂണ്ടിക്കാട്ടി.ഉമർ ഖാലിദ് വിചാരണയില്ലാതെ ആറ് വർഷത്തിലധികമായി ജയിലില്‍ കഴിയുന്നു. ഭീമ കൊറേഗാവ്-എല്‍ഗാർ പരിഷത്ത് കേസിലെ പ്രതികള്‍ വർഷങ്ങളോളം ജയിലില്‍ കഴിയുകയും ഒരാള്‍ തടവില്‍ മരിക്കുകയും ചെയ്തിട്ടും 8 വർഷമായിട്ടും വിചാരണ തുടങ്ങിയിട്ടില്ലെന്നും ആരോപണങ്ങള്‍ ഗുരുതരമായിട്ടും എന്തുകൊണ്ട് അന്വേഷണ ഏജൻസികള്‍ വിചാരണ വേഗത്തിലാക്കുന്നില്ലെന്നും അദ്ദേഹം ലേഖനത്തില്‍ ചോദിക്കുന്നു.നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാല്‍ അത് രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ അന്ത്യമാണെന്നും, അങ്ങനെയൊരു രാജ്യത്ത് ജനങ്ങള്‍ക്ക് സ്വതന്ത്രരായി ജീവിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം ലേഖനത്തിലൂടെ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *