ഗണേശോത്സവത്തിലെ 12 ദിവസത്തെ മദ്യനിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ പൂനെ ഹൈക്കോടതി, വിലക്ക് രണ്ട് ദിവസമാക്കി ചുരുക്കി

പൂനെയില്‍ ഗണേശോത്സവകാലത്തെ സമ്പൂർണ മദ്യനിരോധനം ഒഴിവാക്കി. ഗണേശോത്സവത്തോടനുബന്ധിച്ച്‌ പൂനെ ജില്ലയില്‍ 12 ദിവസത്തേക്ക് ഏർപ്പെടുത്തിയ സമ്പൂർണ മദ്യനിരോധന ഉത്തരവിനെ രൂക്ഷമായി വിമർശിച്ച്‌ ബോംബെ ഹൈക്കോടതി രംഗത്തെത്തിയതിന് പിന്നാലെ ജില്ലാ ഭരണകൂടത്തിൻ്റേതാണ് നടപടി.12 ദിവസം ഏർപ്പെടുത്തിയിരുന്ന മദ്യനിരോധനം ജില്ലാ ഭരണകൂടം രണ്ട് ദിവസമാക്കി ചുരുക്കി. ഗണേശോത്സവത്തിന്റെ പ്രധാന രണ്ട് ദിവസങ്ങളില്‍ മാത്രമാകും സമ്പൂർണ മദ്യനിരോധനം ഉണ്ടാകുക.തിങ്കളാഴ്ച മുതല്‍ 12 ദിവസത്തെ മദ്യനിരോധനമാണ് പൂനെ ജില്ലാ കളക്ടർ പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ ബാറുടമകളുടെ സംഘടന നല്‍കിയ ഹർജിയിലാണ് നടപടി. മദ്യം കഴിക്കുന്ന എല്ലാവരും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നും വ്യക്തമായ യുക്തിയില്ലാത്ത ഇത്തരം നിരോധനങ്ങള്‍ ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്ഥിരമായി മദ്യപിക്കുന്നവർക്ക് 12 ദിവസത്തേക്ക് മദ്യം പെട്ടെന്ന് ലഭിക്കാതെ വന്നാല്‍ അത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ആശുപത്രികള്‍ നിറയുന്ന അവസ്ഥയുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.ഉത്സവകാലത്ത് ആളുകള്‍ മദ്യപിക്കുകയോ ആവേശം പ്രകടിപ്പിക്കുകയോ ചെയ്താല്‍ അവർ തെരുവില്‍ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്ന് പറയാനാകില്ല. ഇതൊരു ഉത്സവമാണ്, ജനങ്ങളെ ആഘോഷിക്കാൻ അനുവദിക്കൂ. ഇത്തരം കൂട്ടത്തോടെയുള്ളനിരോധന ഉത്തരവുകളെ തള്ളിക്കളയുന്നതായും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലില്ലാത്ത നിയന്ത്രണം പൂനെയില്‍ മാത്രം നടപ്പിലാക്കുന്നതിനെയും കോടതി ചോദ്യം ചെയ്തു.ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ പൂനെ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുകയായിരുന്നു. സെപ്റ്റംബർ 14 മുതല്‍ സെപ്റ്റംബർ 26 വരെ 12 ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന മദ്യനിരോധനമാണ് ഇപ്പോള്‍ പൂനെ ജില്ലാ കളക്ടർ രണ്ട് ദിവസമാക്കി ചുരുക്കിയത്. ഗണേശ ചതുർത്ഥിയുടെ ആദ്യ ദിനമായ സെപ്റ്റംബർ 14, വിഗ്രഹ നിമജ്ജന ഘോഷയാത്ര നടക്കുന്ന അവസാന ദിനമായ സെപ്റ്റംബർ 25 തീയതികളിലാണ് സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *