1993ലെ മുംബൈ സീരിയല്‍ സ്ഫോടനക്കേസിലെ പ്രതി അബു സലേമിന് തിരിച്ചടി. ശിക്ഷാകാലാവധി പൂർത്തിയായെന്ന വാദം ഉന്നയിച്ച് നേരത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സലേം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചത്.പോർച്ചുഗലില്‍ നിന്ന് ഇന്ത്യയിലേക്ക് കൈമാറുന്ന സമയത്ത് 25 വർഷത്തില്‍ കൂടുതല്‍ തടവ് അനുഭവിക്കേണ്ടിവരില്ലെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് സലേമിന്റെ പ്രധാന വാദം. വിചാരണത്തടവുകാരനായി കഴിഞ്ഞ കാലയളവിന് ലഭിക്കുന്ന ഇളവും ജയില്‍ ശിക്ഷയില്‍ ലഭിച്ച റിമിഷനും കണക്കിലെടുക്കുമ്പോള്‍ 25 വർഷത്തെ പരിധി ഇതിനകം കഴിഞ്ഞുവെന്നും സലേമിന്റെ അഭിഭാഷകൻ റിഷി മല്‍ഹോത്ര കോടതിയില്‍ വാദിച്ചു.2005 നവംബർ 11നാണ് നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ അബു സലേമിനെ പോർച്ചുഗലില്‍ നിന്ന് ഇന്ത്യയിലെത്തിച്ചത്. 1993ലെ മുംബൈ സ്ഫോടനക്കേസില്‍ പിന്നീട് അദ്ദേഹത്തിന് ജീവപര്യന്തം തടവ് ലഭിച്ചു. പോർച്ചുഗലിന് നല്കിയ ഉറപ്പ് ഇന്ത്യ ലംഘിച്ചുവെന്നും അതിനാല്‍ കൈമാറ്റം തന്നെ റദ്ദാക്കി തന്നെ പോർച്ചുഗലിലേക്ക് തിരിച്ചയക്കണമെന്നും സലേം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സലേമിന്റെ മോചനഹർജി നേരത്തെയുള്ളതും തെറ്റായ അടിസ്ഥാനത്തിലുള്ളതുമാണെന്ന ബോംബെ ഹൈക്കോടതിയുടെ നിലപാടാണ് സുപ്രീം കോടതി ശരിവച്ചത്. ഹൈക്കോടതി ഏപ്രിലില്‍ സലേമിന്റെ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരായ ഹർജിയിലാണ് സുപ്രീം കോടതി ഇപ്പോള്‍ വിധി പറഞ്ഞത്.
അബു സലേമിന് തിരിച്ചടി; 1993 മുംബൈ സ്ഫോടനക്കേസില്‍ ശിക്ഷ ഇളവ് ആവശ്യപ്പെട്ട ഹര്‍ജി സുപ്രീം കോടതി തള്ളി
