സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ കോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്.ഇത് സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്. വിജിലന്‍സ് കോടതി മുതല്‍ സുപ്രീംകോടതി വരെ തള്ളിയ കാര്യമാണിതെന്നും ചൂണ്ടിക്കാട്ടും. കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെടും.അതേസമയം ഡിജിപിക്ക് നല്കിയ കത്തിന്മേല് സര്‍ക്കാര്‍ ഉടന്‍ കേസെടുക്കുമെന്ന വിലയിരുത്തലിലാണ് ഇ ഡി. എഫ്ഐആര്‍ ഇടാന്‍ മതിയായ തെളിവുകള്‍ കൈമാറിയെന്നും ഇ ഡി പറയുന്നു. പിണറായി വിജയന് അടക്കമുള്ളവര്‍ക്കെതിരെ കൃത്യമായ മൊഴികളുണ്ടെന്നും ഇഡി റിപ്പോർട്ടിലുണ്ട്. ‘വീണയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ കണക്കുകള്‍ നിര്‍ണായകമാണ്. മുഹമ്മദ് റിയാസിന്റെ ഇടപെടലില്‍ കൈക്കൂലി പണം വിദേശത്തേക്ക് കടത്തിയതും പ്രധാനമാണ്. വരുമാനത്തിനപ്പുറം വീണ 20 കോടിയിലധികം രൂപ കൈകാര്യം ചെയ്തു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണ’മെന്നും ഇ ഡി ആവശ്യപ്പെടുന്നു. കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ട് നല്കിയ കത്തില്‍ ഇ ഡി ചില മുന്നറിയിപ്പുകളും സര്‍ക്കാരിന് നല്‍കിയതായാണ് വിവരം. നടപടി വൈകിയാല്‍ തെളിവ് നശിപ്പിക്കല്‍ ആയി കണക്കാക്കുമെന്നാണ് ഡിജിപിക്ക് നല്കിയ കത്തില്‍ ഇ ഡി പറഞ്ഞത്. എഫ്ഐആര്‍ വൈകിയാല്‍ ഡിജിപി ഉത്തരവാദി ആയിരിക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട രണ്ട് സുപ്രീംകോടതി വിധികളും കത്തിനൊപ്പം അറ്റാച്ച് ചെയ്തിരുന്നു.ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത്. കത്തില്‍ പിണറായി വിജയന്, വീണ ടി, മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ ഗുരുതര പരാമര്‍ശമായിരുന്നു ഉണ്ടായിരുന്നത്. വീണ വഴി പിണറായി വിജയന് 3.28 കോടി രൂപ സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കത്തില്‍ പറഞ്ഞത്. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകള്‍ വഴിയും ദുബായിലേക്ക് അയച്ചുവെന്നും കത്തില്‍ പറഞ്ഞിരുന്നു. കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ പിതാവ് പിണറായി വിജയനെയും ഭര്‍ത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തിലുണ്ടായിരുന്നു. ഇടപാടുകള്‍ക്കായി എക്സാലോജിക് സൊല്യൂഷന്‍സ് വാഹനം ഉപയോഗിച്ചു, സിഎംആര്‍എല്‍ എം ഡി കൈക്കൂലി പണം നല്കി, സിഎംആര്‍എല്‍ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി സുരേഷ് കുമാര്‍ കൈക്കൂലി ഇടപാടുകള്‍ നടത്തുന്നതിന് സഹായിച്ചു തുടങ്ങിയ കാര്യങ്ങളും കത്തില്‍ പരാമര്‍ശിച്ചിരുന്നു. കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജല്‍, പി നിഖില്‍, ഹസ്സന് വാരിഷ്, ഫൈസാജ് വി പി, നന്ദുലാല്‍ എം എന്നിവര്‍ സഹായിച്ചതായും കത്തില്‍ പറഞ്ഞിരുന്നു.
CMRL-എക്സാലോജിക് സാമ്പത്തിക ഇടപാട്: എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ കോടതിയെ സമീപിക്കാന്‍ പിണറായി വിജയന്
