അലഹാബാദ്: നോയിഡയിലെ തൊഴിലാളി പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആകൃതി ചൗധരി(25) എന്ന വിദ്യാര്‍ഥിനിക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തിയ നടപടി ഏകപക്ഷീയവും അവ്യക്തവുമാണെന്ന് അലഹബാദ് ഹൈക്കോടതി. ബുധനാഴ്ച ആകൃതിയുടെ കരുതൽ തടങ്കൽ റദ്ദാക്കുകയും ചെയ്തു.പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ നിന്നുള്ള ഡൽഹി യൂണിവേഴ്സിറ്റി ബിരുദധാരിയായ ആകൃതിയുടെ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ, അചൽ സച്ച്ദേവ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.മിനിമം വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 13 ന് നഗരത്തിൽ നടന്ന പ്രതിഷേധത്തിനിടെ തൊഴിലാളികളെ തീവെപ്പിനും കല്ലെറിനും പ്രേരിപ്പിച്ചുവെന്നാണ് ആകൃതിക്കെതിരെയുള്ള കുറ്റം എന്നാൽ ഏപ്രിൽ 12-ന് തന്നെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. മെയ് 13ന് എൻഎസ്എ ചുമത്തി. തുടര്‍ന്ന് ഗൗതം ബുദ്ധ നഗറിലെ കസ്ന ജയിലിലേക്ക് മാറ്റുകയായിരുന്നു. സംഘർഷം നടക്കുമ്പോൾ ആകൃതി ജയിലിലായിരുന്നുവെന്നും അക്രമത്തിന് പ്രേരിപ്പിച്ചതിന് വീഡിയോ തെളിവുകളോ മറ്റ് രേഖകളോ ഹാജരാക്കാൻ പൊലീസിന് സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി.കുറഞ്ഞ വേതനം വർദ്ധിപ്പിക്കണമെന്നും ജോലിസ്ഥലത്തെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നോയിഡയിലെ എൺപതോളം കേന്ദ്രങ്ങളിലായി നാൽപ്പതിനായിരത്തിലധികം ഫാക്ടറി തൊഴിലാളികൾ നടത്തിയ വൻ പ്രതിഷേധം അക്രമാസക്തമായി. അയൽ സംസ്ഥാനമായ ഹരിയാനയിൽ തൊഴിലാളികളുടെ കുറഞ്ഞ വേതനം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതാണ് നോയിഡയിലെ തൊഴിലാളികളെയും പ്രതിഷേധത്തിലേക്ക് നയിച്ചത്. പ്രതിഷേധത്തിനിടെ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ പ്രക്ഷോഭകർ വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും തീയിടുകയും കല്ലെറിയുകയും ചെയ്തു.യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ ഗവൺമെന്റ് അഭിഭാഷകൻ നിതേഷ് കുമാർ ശ്രീവാസ്തവ, തടങ്കൽ റദ്ദാക്കിയതായി സ്ഥിരീകരിച്ചു. എന്നാൽ നഷ്ടപരിഹാരത്തെക്കുറിച്ചോ കോടതി നിരീക്ഷണങ്ങളെക്കുറിച്ചോ പ്രതികരിച്ചില്ല. നിയമവിരുദ്ധമായി തടങ്കലിൽ വച്ചതിന് യുപി സര്‍ക്കാരിന് ഹൈക്കോടതി 5 ലക്ഷം രൂപ പിഴ ചുമത്തിയതായി ആകൃതിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് പറഞ്ഞു. ജില്ലാ മജിസ്ട്രേറ്റ് മുതൽ എസ്എച്ച്ഒ വരെയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ഈടാക്കുമെന്ന് ഹൈക്കോടതി സൂചിപ്പിച്ചതായി ചൗധരിക്ക് വേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകൻ മണിക് ഗുപ്ത വ്യക്തമാക്കി.സംഭവം ഒരു ഗൂഢാലോചനയാണെന്നും കരാവൽ നഗറിൽ വച്ച് ഇതിനായി പദ്ധതിയിട്ടെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ, നിർദ്ധനരായ തൊഴിലാളികൾക്കായി കുട്ടികളുടെ ലൈബ്രറി ഉദ്ഘാടനം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചതായി മാണിക് ഗുപ്ത ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. അക്രമ മാർഗങ്ങളിലൂടെ തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ വിശ്വസിക്കുന്ന ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളിൽ ഒരാളായിരുന്നു ചൗധരിയെന്നാണ് പൊലീസ് പറയുന്നത്. കരാവൽ നഗറിലെ ലൈബ്രറിയിൽ ഒത്തുകൂടി ഗൂഢാലോചന നടന്നതായും ആരോപിച്ചു. വിവാദ പുസ്തകമായ ഗ്രേറ്റ് മാർട്ടേിഴ്,സ് ഓഫ് ദി ഇന്ത്യൻ റെവല്യൂഷൻ കണ്ടെടുത്തതായും പൊലീസ് ചൂണ്ടിക്കാട്ടുന്നു.ചൗധരിക്കെതിരെ വധശ്രമം, സംഭവത്തിനിടയിൽ മരണമോ ഗുരുതരമായ പരിക്കോ ഉണ്ടാക്കണമെന്ന ഉദ്ദേശ്യം, ജീവനോ വ്യക്തിസുരക്ഷയ്ക്കോ ഭീഷണി ഉയർത്തൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 11 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നോയിഡ കോടതിയിൽ ആകൃതിക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും അവരുടെ പേരുള്ള മറ്റ് ആറ് എഫ്ഐആറുകളിലെ ജാമ്യാപേക്ഷകൾ ഇതുവരെ ഹൈക്കോടതിയിൽ പരിഗണിക്കുന്നില്ലെന്ന് അഭിഭാഷകൻ രജനീഷ് യാദവ് പറഞ്ഞു. തന്റെ മകൾ തെറ്റ് ചെയ്യില്ലെന്ന് ആകൃതിയുടെ പിതാവ് അരുൺ ചൗധരി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു . “അവൾ ദരിദ്രരായ ജനങ്ങൾക്കുവേണ്ടി പോരാടി, അവർക്കുവേണ്ടി ഇപ്പോഴും പോരാടും. ഞാൻ അവളെ പൂർണ്മായി പിന്തുണയ്ക്കും. ഞാൻ എപ്പോഴും ജുഡീഷ്യറിയെ വിശ്വസിച്ചിരുന്നു. അവൾ ഒരു ദിവസം വിജയിക്കുമെന്ന് എനിക്കറിയാമായിരുന്നു, ഇന്ന് അവൾ വിജയിച്ചു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോയിഡ പ്രതിഷേധം: ഡൽഹി സർവകലാശാല വിദ്യാർഥിനിക്കെതിരായ എൻഎസ്എ അലഹാബാദ് ഹൈക്കോടതി റദ്ദാക്കി
