ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിയെന്ന വ്യാജേന ആൾമാറാട്ടം നടത്തി ക്രിമിനൽ കേസിലെ ജാമ്യാപേക്ഷയിൽ ഇടപെടാൻ ശ്രമിച്ച കേസിൽ തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖറിന് എട്ട് വർഷം കഠിന തടവ്. തിങ്കളാഴ്ച ഡൽഹി തീസ് ഹസാരി കോടതി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഹർഷിത മിശ്രയാണ് ശിക്ഷ വിധിച്ചത്.വിവിധ വകുപ്പുകളിലായാണ് ശിക്ഷ. തടവ് ശിക്ഷയ്ക്കൊപ്പം 10,000 രൂപ പിഴയും അടയ്ക്കണം. പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഒരു മാസം അധിക തടവ് അനുഭവിക്കണം. ഓഗസ്റ്റ് 20ന് കേസിൽ ചന്ദ്രശേഖർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.2017 ഏപ്രിൽ 28ന് സുകേഷ് ജുഡീഷ്യൽ ഓഫീസർ പൂനം ചൗധരിയെ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ദക്ഷിണേന്ത്യയിൽ നിന്നുള്ള സുപ്രീം കോടതി ജഡ്ജിയെന്ന വ്യാജേനയാണ് സംസാരിച്ചത്. മറ്റൊരു ക്രിമിനൽ കേസിൽ തന്റെ ജാമ്യവുമായി ബന്ധപ്പെട്ട നടപടിയിൽ സ്വാധീനം ചെലുത്തുകയായിരുന്നു ലക്ഷ്യമെന്ന് കോടതി വ്യക്തമാക്കി. ഈ നടപടി നീതിന്യായ നടപടിയുടെ പവിത്രതയ്ക്കും അഖണ്ഡതയ്ക്കും നേരെയുള്ള ആക്രമണമാണെന്നും കോടതി നിരീക്ഷിച്ചു.ജുഡീഷ്യൽ ഓഫീസറെ കബളിപ്പിക്കുന്നതിലും ജാമ്യം നേടുന്നതിലും പരാജയപ്പെട്ടത് ശിക്ഷ കുറയ്ക്കാനുള്ള സാഹചര്യമാണെന്ന വാദവും കോടതി തള്ളി. ശ്രമം വിജയിച്ചില്ലെന്നത് ആൾമാറാട്ടത്തെ നിസാരമായ കുറ്റമാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണയ്ക്കിടെ സുകേഷ് ശരിക്കും പശ്ചാത്താപമോ കുറ്റബോധമോ പ്രകടിപ്പിച്ചില്ലെന്നും പകരം പരാതിക്കാരിയായ ജുഡീഷ്യൽ ഓഫീസറുടെ വിശ്വാസ്യത ചോദ്യം ചെയ്യുകയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം ഇതിനകം കസ്റ്റഡിയിൽ കഴിഞ്ഞ കാലയളവ് ശിക്ഷയിൽ ഇളവായി പരിഗണിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസുമായുള്ള പ്രണയത്തിലൂടെയാണ് സുകേഷ് ചന്ദ്രശേഖർ അറിയപ്പെട്ടത്. നിലവിൽ സുകേഷുമായി ബന്ധമില്ലെന്ന് ജാക്വിലിൻ വ്യക്തമാക്കിയിരുന്നു
സുപ്രീം കോടതി ജഡ്ജിയായി ആൾമാറാട്ടം;സുകേഷ് ചന്ദ്രശേഖറിന് എട്ട് വർഷം തടവ്
