യുഎഇയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ചവര്‍ക്ക് 50,000 ദിര്‍ഹം വീതം പിഴ; പെട്രോള്‍ പമ്പില്‍ രണ്ട് മാസത്തെ സാമൂഹിക സേവനവും

വാഹനത്തിന്റെ വിൻഡ്സ്ക്രീൻ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പെട്രോള്‍ പമ്പ് ജീവനക്കാരനെ മർദിച്ച രണ്ട് പേർക്ക് യുഎഇയില്‍ കനത്ത ശിക്ഷ.അല്‍ ഐൻ മിസ്ഡിമീനർ കോടതി പ്രതികള്‍ക്ക് 50,000 ദിർഹം വീതം പിഴ ചുമത്തി.കൂടാതെ, ഇരുവർക്കും സംഭവമുണ്ടായ അതേ പെട്രോള്‍ പമ്പില്‍ രണ്ട് മാസം സാമൂഹിക സേവനം നിർവഹിക്കാനും കോടതി ഉത്തരവിട്ടു.കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ വാഹനത്തിന്റെ വിൻഡ്സ്ക്രീൻ വൃത്തിയാക്കാൻ ഡ്രൈവർ പമ്പ് ജീവനക്കാരനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പമ്പില്‍ തിരക്കായതിനാല്‍ അല്‍പസമയം കാത്തിരിക്കണമെന്ന് ജീവനക്കാരൻ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് തർക്കമുണ്ടാകുകയും പിന്നീട് ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നു.മർദനത്തില്‍ ജീവനക്കാരന് ചതവുകളും വേദനയും അനുഭവപ്പെട്ടതായി മെഡിക്കല്‍ റിപ്പോർട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍, പ്രതികളുടെ കോടതിയിലെ സമ്മതം, സാക്ഷിമൊഴികള്‍, മെഡിക്കല്‍ റിപ്പോർട്ട് എന്നിവ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിഗണിച്ചാണ് കോടതി വിധി പറഞ്ഞത്.ജോലിക്കിടെ പൊതുസേവനം നിർവഹിക്കുന്ന ജീവനക്കാരനെ ബലപ്രയോഗത്തിലൂടെയോ അക്രമത്തിലൂടെയോ ആക്രമിക്കുകയോ തടയുകയോ ചെയ്യുന്നത് യുഎഇയിലെ കുറ്റകൃത്യങ്ങളും ശിക്ഷകളും സംബന്ധിച്ച നിയമപ്രകാരം കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി.തർക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ നിയമം പാലിക്കുകയും ഔദ്യോഗിക മാർഗങ്ങളിലൂടെ പരാതികള്‍ പരിഹരിക്കുകയും ചെയ്യുന്നതാണ് നിയമനടപടികള്‍ ഒഴിവാക്കാനുള്ള ഏറ്റവും ഉചിതമായ മാർഗമെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *