ഹൈദരാബാദ്: കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങിയ പ്രതി ഒളിവിൽ കഴിഞ്ഞത് നാല് പതിറ്റാണ്ട്. ഇതിനിടെ സർക്കാർ അധ്യാപകനായി ജോലി നേടിയ ഇയാൾ മികച്ച അധ്യാപകനുള്ള പുരസ്കാരവും സ്വന്തമാക്കി. ഒടുവിൽ 40 വർഷത്തിന് ശേഷം പിടിയിലായ പ്രതിയുടെ കഥ കേട്ട് അമ്പരന്നിരിക്കുകയാണ് തെലങ്കാന ഹൈക്കോടതി.പരോളിലിറങ്ങിയ ജീവപര്യന്തം തടവുകാരൻ നാൽപത് വർഷത്തിലധികം പൊലീസിൻ്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞതിലാണ് തെലങ്കാന ഹൈക്കോടതി കടുത്ത അദ്ഭുതം രേഖപ്പെടുത്തിയത്. തൻ്റെ കുറ്റകൃത്യങ്ങളുടെ ഭൂതകാലം മറച്ചുവച്ച് ഇയാൾ ഒരു സർക്കാർ അധ്യാപകനായി ജോലി ചെയ്തുവെന്നത് വിശ്വസിക്കാൻ കഴിയാത്ത കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.ജയിൽ വകുപ്പിൻ്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളിലേക്കാണ് ഈ സംഭവം വിരൽചൂണ്ടുന്നതെന്ന് കോടതി നിരീക്ഷിച്ചു. പരോൾ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ തിരിച്ചെത്താത്ത തടവുകാർക്കെതിരെ ഉടനടി നടപടിയെടുക്കാൻ പ്രത്യേക കർമസേന രൂപീകരിക്കേണ്ടതിൻ്റെ ആവശ്യകതയും കോടതി ഊന്നിപ്പറഞ്ഞു.പ്രതിക്ക് മൂന്ന് വർഷത്തേക്ക് പരോൾ നിഷേധിച്ച ജയിൽ അധികൃതരുടെ തീരുമാനത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. നാൽപത് വർഷത്തിന് ശേഷം തൻ്റെ ഭർത്താവ് വീരണ്ണയെ അറസ്റ്റ് ചെയ്ത നടപടിയെയും തുടർന്ന് പരോൾ നിഷേധിച്ചതിനെയും ചോദ്യം ചെയ്ത് ഭാര്യ ചാരമ്മ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ. ജസ്റ്റിസ് ടി മാധവി ദേവിയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.വീരണ്ണ 1983 മുതൽ മഹബൂബാബാദ് മേഖലയിൽ താമസിച്ചുവരികയാണെന്നും എന്നാൽ ഉദ്യോഗസ്ഥർ ഒരിക്കൽപ്പോലും അദ്ദേഹത്തെ ബന്ധപ്പെട്ടിട്ടില്ലെന്നും ഹർജിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 2024 മെയ് 16നാണ് പൊലീസ് വീട്ടിലെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ മൂന്ന് വർഷത്തേക്ക് പരോൾ അവകാശം റദ്ദാക്കിയത് നീതീകരിക്കാനാവാത്ത നടപടിയാണെന്നും അഭിഭാഷകൻ വാദിച്ചു.എന്നാൽ പരോൾ കാലാവധി കഴിഞ്ഞതിന് പിന്നാലെ പ്രതിയെക്കുറിച്ച് അന്വേഷിച്ച് വാറങ്കൽ റൂറൽ, മഹബൂബാബാദ് പൊലീസ് സ്റ്റേഷനുകളിലേക്ക് ജയിൽ അധികൃതർ നിരവധി കത്തുകൾ അയച്ചിരുന്നതായി സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. പ്രതി അവസാനമായി നൽകിയ വിലാസത്തിലും അയൽ ഗ്രാമങ്ങളിലും വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ പ്രതിയെ തിരിച്ചറിഞ്ഞതിന് ശേഷമാണ് ആവശ്യമായ നടപടികൾ സ്വീകരിച്ചതെന്നും മൂന്ന് വർഷത്തെ പരോൾ വിലക്ക് ഏർപ്പെടുത്തിയതെന്നും സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു.ഇരുഭാഗത്തിൻ്റെയും വാദങ്ങൾ കേട്ട ശേഷം വിധി പ്രസ്താവിച്ച ജഡ്ജി പ്രതിയോട് യാതൊരു അനുകമ്പയും കാണിച്ചില്ല. തടവുകാരൻ തൻ്റെ ജയിൽ ശിക്ഷയിൽ നിന്ന് ഒഴിഞ്ഞുമാറുകയും ജീവിതത്തിലെ ഏറ്റവും നിർണായകമായ കാലഘട്ടം ജയിലിന് പുറത്ത് ചെലവഴിക്കുകയും ചെയ്തുവെന്ന് ജഡ്ജി വ്യക്തമാക്കി. ഇയാൾക്ക് വിധിച്ച ജീവപര്യന്തം ശിക്ഷ റദ്ദാക്കിയിട്ടില്ല. ശിക്ഷയിൽ നിന്ന് ബോധപൂർവം ഒഴിഞ്ഞുമാറാനാണ് പ്രതി ശ്രമിച്ചതെന്നും അതിനാൽ ശിക്ഷയുടെ ബാക്കി ഭാഗം നിർബന്ധമായും അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു
Related Posts
രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനം: ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഹൈക്കോടതി; സന്നിധാനത്തേക്ക് എത്തുക ഗൂര്‍ഖ ജീപ്പില്‍
- law-point
- October 17, 2025
- 0
രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തുമ്ബോള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന നിര്‍ദേശവുമായി ഹൈക്കോടതി.ഒക്ടോബർ […]
‘ജനനായകന്’ നിര്‍ണായക ദിനം, സെൻസര്‍ ബോര്‍ഡുമായുള്ള നിയമ പോരാട്ടത്തില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും
- law-point
- January 9, 2026
- 0
വിജയ് ചിത്രം ജനനായകന് ഇന്ന് നിർണായകം. ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കേറ്റ് വൈകുന്നതിനെതിരെ […]
മരപ്പട്ടി ശല്യം: ഹൈക്കോടതി നടപടികൾ നിർത്തിവെച്ചു
- law-point
- August 19, 2025
- 0
കൊച്ചി: മരപ്പട്ടി ശല്യത്തെ തുടർന്ന് ഹൈക്കോടതി നടപടികൾ തടസപ്പെട്ടു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ […]
