എംബിബിഎസിന് നാലര വര്‍ഷ ഫീസ്: ഒടുവില്‍ സര്‍ക്കാര്‍ അപ്പീലിന്; ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ അപ്പീല്‍ നല്‍കും

എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ ഒടുവില്‍ സംസ്ഥാന സർക്കാർ അപ്പീലിന്.ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ സർക്കാർ അപ്പീല്‍ നല്‍കും. അപ്പീല്‍ വൈകുന്നത് മാനേജ്മെന്റുകളെ സഹായിക്കാനെന്ന ആക്ഷേപം ഉയർന്നിരുന്നു.ഇക്കഴിഞ്ഞ ജൂലൈ മാസമാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷൻ (എൻഎംസി) നിർദേശപ്രകാരം, നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന് സർക്കർ ഉത്തരവിറക്കിയത്. ഇതിനെതിരായ സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്മെൻ്റുകള്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചു സ്റ്റേ നേടി. ഓഗസ്റ്റ് ഏഴാം തീയതി ഉത്തരവ് സ്റ്റേ ചെയ്തതെങ്കിലും സർക്കാർ ഇതുവരെ അപ്പീലിന് പോയിരുന്നില്ല. ഇതുമൂലം വിദ്യാർത്ഥികള്‍ നേരിടുന്ന ഗതികേട് ഏഷ്യാനെറ്റ് ന്യൂസടക്കം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആണ് സർക്കാർ അപ്പീലിന് ഒരുങ്ങുന്നത്.നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ് നടപ്പാക്കുന്നതിനുള്ള സഹായമാകും സർക്കാർ കോടതിയില്‍നിന്ന് തേടുക. ഈ വർഷത്തെ എംബിബിഎസ് പ്രവേശനത്തില്‍ നാലര വർഷ ഫീസ് ഈടാക്കാൻ ഫീ റെഗുലേറ്ററി കമ്മിറ്റിക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. എന്നാല്‍ കഴിഞ്ഞ വർഷത്തെ രീതിയില്‍ തന്നെയാണ് ഈ വർഷവും മാനേജ്മെന്റുകള്‍ ഫീസ് ഈടാക്കുന്നത്. 2022 ബാച്ചില്‍ പ്രവേശനം നേടിയ വിദ്യാർത്ഥികള്‍ക്ക് അവസാനവട്ട ഫീസ് അടയ്ക്കേണ്ട സമയമായതിനാല്‍ മാനേജ്മെൻ്റുകള്‍ ഫീസ് ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. 2026-27 അക്കാദമി വർഷത്തെ ഫീസ് ഓഗസ്റ്റ് 31നുള്ളില്‍ അടച്ചില്ലെങ്കില്‍ ഫൈൻ അടക്കം നല്‍കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *